തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ രാഹുൽ മാങ്കൂട്ടത്തില് പങ്കെടുക്കരുത്: നിർദേശവുമായി കോൺഗ്രസ്

തിരുവനന്തപുരം: നിർബന്ധിത ഗർഭഛിദ്രത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകാൻ ഒരുങ്ങി യുവതി. പരാതി നൽകാൻ തയ്യാറായാൽ എല്ലാ വിധ പിന്തുണയും നൽകുമെന്നാണ് സർക്കാർ നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കരുതെന്ന് രാഹുൽ മാങ്കൂട്ടത്തിലിന് കെപിസിസി നേതൃത്വം നിർദേശം നൽകിയാണ് സൂചന.
രാഹുലിനെതിരായ ഗർഭഛിദ്ര ആരോപണത്തിൽ കൂടുതൽ തെളിവുകൾ കൂടി പുറത്തുവന്നെങ്കിലും പരസ്യമായ പ്രതിഷേധ വേണ്ടെന്നാണ് ഇടതുമുന്നണി തീരുമാനം. എന്നാൽ വിഷയം തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാന വ്യാപകമായി ഇടതുമുന്നണി പ്രചാരണയുധമാക്കും. പെൺകുട്ടി പരാതി നൽകാൻ തയ്യാറായാൽ പൂർണ പിന്തുണ നൽകുമെന്ന് സർക്കാർ വ്യക്തമാക്കുന്നുണ്ട്. പരാതി നൽകാനുള്ള ആലോചന പെൺകുട്ടി തുടങ്ങിയതോടെയാണ് സിപിഎം നീക്കം.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തതിൽ അതിർത്തിയുണ്ട്. എന്നാൽ കെ.സി വേണുഗോപാലിന്റെ പിന്തുണയോടെയാണ് രാഹുലിന്റെ വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകാനുള്ള നീക്കം. ഇതിന് തടയിടാനാണ് രാഹുൽ മാങ്കൂട്ടത്തിലിനോട് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ കെപിസിസി നേതൃത്വം നിർദ്ദേശം നൽകിയത്.
ഗർഭഛിദ്ര ആരോപണത്തിലെ ആദ്യത്തെ ഫോൺ സംഭാഷണം പുറത്തുവന്നതോടെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാഹുലിനെ സസ്പെൻഡ് ചെയ്തത്. മൂന്നുമാസം മുമ്പ് ഉയർന്ന ആരോപണം കെട്ടടങ്ങി തുടങ്ങിയതോടെയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ വീണ്ടും രാഹുൽ മാങ്കൂട്ടത്തിൽ സജീവമായി തുടങ്ങിയത്.

