KSDLIVENEWS

Real news for everyone

ജമാഅത്തെ ഇസ്‌ലാമി-ലീഗ് ബന്ധം; സിപിഎമ്മിന്റെ ആരോപണം ഏറ്റുപിടിച്ച് സമസ്ത നേതാക്കൾ

SHARE THIS ON

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി-മുസ്‌ലിംലീഗ് രാഷ്ട്രീയ കൂട്ടുകെട്ടിനെക്കുറിച്ച് സിപിഎം ഉന്നയിക്കുന്ന ആരോപണങ്ങൾ അതേപോലെ ഏറ്റെടുത്ത് സമസ്തയിലെ ഒരു വിഭാഗം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണം സജീവമായപ്പോഴാണ് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കവും സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവും ലീഗിനെതിരേ രംഗത്തെത്തിയിരിക്കുന്നത്.

സമസ്തയും മുസ്‌ലിംലീഗും തമ്മിലുള്ള പ്രശ്നത്തിന് കാരണം തന്നെ ജമാഅത്തെ ഇസ്‌ലാമിയുമായുമുള്ള ബന്ധമാണെന്ന പുതിയ ആരോപണമാണ് ഹമീദ് ഫൈസി ഉന്നയിക്കുന്നത്. സമസ്തയിലെ പ്രശ്നങ്ങളുടെ പിന്നാമ്പുറം പരിശോധിച്ചാൽ തെളിയുന്ന ചിത്രം ഒരു വിഭാഗം ജമാഅത്തെ ഇസ്‌ലാമിയുമായി പുതിയ ചില ബന്ധങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതാണെന്ന് കണ്ടെത്താൻ കഴിയുമെന്നാണ് മുസ്‌ലിംലീഗിന്റെ പേരെടുത്തു പറയാതെ അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നത്.

മുസ്‌ലിംലീഗിൽ മുജാഹിദ് വിഭാഗം ആധിപത്യംനേടുന്നു, ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാമിന്റെ നേതൃത്വത്തിൽ സമസ്തയെ അക്രമിക്കുന്നു എന്നിവയാണ് സമസ്തയിലെ ലീഗ് വിരുദ്ധപക്ഷം ഉന്നയിച്ചിരുന്ന പ്രധാന ആരോപണം. അതിൽനിന്ന് വ്യത്യസ്തമായാണ് സമസ്ത-ലീഗ് തർക്കത്തെ ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെടുത്തുന്നത്. അത് കൃത്യമായി തിരഞ്ഞെടുപ്പുകാലത്ത് മുസ്‌ലിംലീഗിനെ ലക്ഷ്യംവെച്ചാണെന്നാണ് സമസ്തയിലെ ലീഗ് അനുകൂലവിഭാഗം പറയുന്നത്. അല്ലെങ്കിൽ എന്തുകൊണ്ടാണ് സിപിഎം മുസ്‌ലിംലീഗിനെതിരേ നിരന്തരം ഉപയോഗിക്കുന്ന രാഷ്ട്രീയ ആയുധം സമസ്തനേതാക്കൾ ചർച്ചയാക്കുന്നതെന്നാണ് ഉയരുന്ന ചോദ്യം.

ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധം സ്ഥാപിക്കുന്നത് ജമാഅത്ത്-ബ്രദർഹുഡ് ആശയങ്ങൾ മുസ്‌ലിങ്ങളിൽ സ്വാധീനം ചെലുത്താൻ വഴിയൊരുക്കിക്കൊടുക്കലാകുമെന്നാണ് ഹമീദ് ഫൈസി പറയുന്നത്. ജമാഅത്തെ ഇസ്‌ലാമി നുഴഞ്ഞുകയറിയാൽ കൂട്ടുകൂടുന്നവരും സമസ്തയും ഇസ്‌ലാമുമെല്ലാം തകരുമെന്ന് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കവും പറയുന്നു. സമസ്തയിലെ ലീഗ് വിരുദ്ധപക്ഷത്തെ പ്രധാനികളാണ് ഇരുനേതാക്കളും.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഉമർ െെഫസി ഇടതുപക്ഷത്തിന് അനുകൂലമായ പരസ്യനിലപാട് തന്നെ സ്വീകരിച്ചിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ സമസ്തയിലെ ലീഗ് വിരുദ്ധവിഭാഗം പരസ്യമായി ലീഗിനെതിരേ ഇറങ്ങിയിരുന്നു. പക്ഷേ, ലീഗിന് വൻഭൂരിപക്ഷം ലഭിച്ചു. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ അങ്ങനെ പരസ്യമായി ഇറങ്ങിയിട്ടില്ല. എങ്കിലും മലപ്പുറം ജില്ലയിലുൾപ്പെടെ ലീഗിന് നേരിയ ഭൂരിപക്ഷമുള്ള ചില വാർഡുകളിൽ ഇവർ നിർണായകമായേക്കും എന്ന ആശങ്ക ലീഗിനുണ്ട്. സമസ്തയിലെ ഒരു വിഭാഗം നേതാക്കൾ മുസ്‌ലിംലീഗിനെതിരേ രംഗത്തുവരുമ്പോഴും ഇടതുപക്ഷവുമായി ചേർന്ന് നിൽക്കുന്ന കാന്തപുരം വിഭാഗം മുസ്‌ലിംലീഗിനെ പരസ്യമായി ആക്രമിക്കാതിരിക്കാനും സൂക്ഷ്മത പാലിക്കുന്നുണ്ട്. പിഎംശ്രീ ഉൾപ്പെടെയുള്ള പല വിഷയങ്ങളിലും അവർ സിപിഎമ്മിനെ വിമർശിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!