KSDLIVENEWS

Real news for everyone

പ്രളയം: ശ്രീലങ്കയിൽ മരണം 390; സഹായം തുടരുമെന്ന് മോദിയുടെ വാഗ്ദാനം

SHARE THIS ON


കൊളംബോ/ജക്കാർത്ത: ഡിറ്റ്‍വ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ പ്രളയദുരിതത്തിൽനിന്നു കരകയറാൻ പൊതു-സ്വകാര്യമേഖലകളുടെ പങ്കാളിത്തത്തോടെ ശ്രീലങ്ക പ്രത്യേകനിധിയുണ്ടാക്കുന്നു. പ്രസിഡന്റ് അനുര കുമാര ദിസനായകയുടെ ഓഫീസാണ് തിങ്കളാഴ്ച ഇക്കാര്യമറിയിച്ചത്.

പ്രളയത്തിലും മണ്ണിടിച്ചിലിലും 390 പേർ മരിച്ചു. 352 പേരെ കണാതായി. മരണസംഖ്യ ഉയരാൻ ഇടയുണ്ടെന്ന് ദുരന്തം കൈകാര്യംചെയ്യുന്ന കേന്ദ്രം അറിയിച്ചു. കാൻഡി ജില്ലയിലാണ് ഏറ്റവുമധികം മരണം-88. 13,73,899 പേരെ പ്രളയം ബാധിച്ചതായി അധികൃതർ പറഞ്ഞു. 2,04,597 പേർ ദുരിതാശ്വാസകേന്ദ്രങ്ങളിലാണ്. 432 വീടുകൾ പൂർണമായും 15,688 വീടുകൾ ഭാഗികമായും തകർന്നു.

സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറിവരുന്ന ശ്രീലങ്കയ്ക്ക് പ്രളയദുരന്തം നേരിടുന്നതിനുള്ള നിധിയുണ്ടാക്കുന്നതിനു മുന്നോടിയായി സർക്കാർ ലോക ബാങ്കുമായി ചർച്ചതുടങ്ങി. വിവിധമേഖലകളിലുണ്ടായ നാശനഷ്ടവും പുനരുദ്ധാരണത്തിനുള്ള ചെലവും കണക്കാക്കുന്നതിനാണിത്. രണ്ടാഴ്ചയ്ക്കുള്ളിൽ ലോകബാങ്കിന്റെ റിപ്പോർട്ടുകിട്ടുമെന്നാണ് കരുതുന്നത്.

പ്രളയദുരിതത്തിലായ ശ്രീലങ്കയ്ക്ക് ഇന്ത്യ ദുരിതാശ്വാസസഹായമായി 53 ടൺ സാധനങ്ങളെത്തിച്ചു. ശ്രീലങ്കയിൽ കുടുങ്ങിക്കിടന്ന രണ്ടായിരത്തിലേറെ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നവംബർ 28-നാണ് ‘ഓപ്പറേഷൻ സാഗർ ബന്ധു’ എന്നപേരിൽ ഇന്ത്യ രക്ഷാ-ദുരിതാശ്വാസപ്രവർത്തനം തുടങ്ങിത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കൻ പ്രസിഡന്റ് ദിസനായകയുമായി തിങ്കളാഴ്ച ഫോണിൽ സംസാരിച്ചു. ഓപ്പറേഷൻ സാഗർബന്ധുവിലൂടെ ഇന്ത്യ തുടർന്നും സഹായം നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. പുനരധിവാസ പ്രവർത്തനങ്ങൾക്കാവശ്യമായ സഹായവും നൽകുമെന്നുമറിയിച്ചു. ഇന്ത്യയുടെ സഹായത്തിന് ശ്രീലങ്കൻ പ്രസിഡന്റ് നന്ദിയറിയിച്ചു.

അതിനിടെ സെൻയാർ ചുഴലിക്കാറ്റിൽ ഇൻഡൊനീഷ്യയിൽ 503 പേരും തായ്‌ലാൻഡിൽ 176 പേരും മലേഷ്യയിൽ രണ്ടുപേരും മരിച്ചു. ഈ രാജ്യങ്ങളിലെല്ലാം മൺസൂൺ സീസണാണെങ്കിലും കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി മൺസൂണിന്റെ തീവ്രതയും ഗതിയും മാറിയതാണ് പെരുമഴയ്ക്കും അതിശക്തമായ കാറ്റുകൾക്കും ഇടയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!