ഒന്നര മണിക്കൂറോളം നീണ്ട മോദി-രാഹുല്‍-അമിത് ഷാ കൂടിക്കാഴ്ച; പാര്‍ലമെന്റില്‍ അഭ്യൂഹങ്ങള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ കഴിഞ്ഞദിവസം നടന്ന 88 മിനിറ്റ് നീണ്ട കൂടിക്കാഴ്ച പാര്‍ലമെന്ററിനകത്ത് അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തി. ശീതകാല സമ്മേളനം നടക്കുന്നതിനിടെയാണ് ഈ കൂടിക്കാഴ്ച നടന്നത്. ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണറെ തിരഞ്ഞെടുക്കാനാണ് നേതാക്കള്‍ ചര്‍ച്ച നടത്തിയതെങ്കിലും കൂടിക്കാഴ്ച ഇത്രയും നീണ്ടുനില്‍ക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പാര്‍ലമെന്റിന്റെ ഇടനാഴികളില്‍ കൂടിക്കാഴ്ച സംബന്ധിച്ച് എംപിമാര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ നടന്നു.
പ്രധാനമന്ത്രി, പ്രധാനമന്ത്രി നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു കേന്ദ്രമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരാണ് ചട്ടപ്രകാരം ചര്‍ച്ച നടത്തി ഇന്‍ഫര്‍മേഷന്‍ കമ്മിഷന്‍, തിരഞ്ഞെടുപ്പ് കമ്മിഷന്‍ തുടങ്ങിയ വകുപ്പുകളിലെ പ്രധാന തസ്തികകളിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്നത്.
ഇത്തവണ പ്രധാനമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയും കൂടാതെ മുതിര്‍ന്ന മന്ത്രി എന്ന നിലയില്‍ അമിത് ഷാ ആയിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. ഉച്ചയ്ക്ക് ഒരു മണിക്ക് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയെന്നും കൂടിക്കാഴ്ച 1:07 ന് ആരംഭിച്ചെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ചര്‍ച്ച ഏറെ സമയം നീണ്ടതോടെ എംപിമാര്‍ക്കിടയില്‍ സംശയങ്ങള്‍ ഉയര്‍ന്നു. മറ്റ് എന്തെങ്കിലും സുപ്രധാന അജണ്ടകള്‍ ഉണ്ടോയെന്ന് ചില എംപിമാര്‍ അന്വേഷിച്ചതായാണ് വിവരം.
88 മിനിറ്റിന് ശേഷമാണ് രാഹുല്‍ ഗാന്ധി പുറത്തുവന്നത്. ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണറുടെ നിയമനം മാത്രമല്ല, എട്ട് ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍മാരെയും ഒരു വിജിലന്‍സ് കമ്മിഷണറുടെയും നിയമനം സംബന്ധിച്ചും ചര്‍ച്ച ചെയ്തതാണ് ചര്‍ച്ച നീളാന്‍ കാരണമെന്ന് പിന്നീട് ഇവര്‍ വ്യക്തമാക്കുകയുണ്ടായി.
കമ്മിറ്റിക്ക് മുമ്പാകെ എത്തിയ എല്ലാ നിയമനങ്ങളെയും രാഹുല്‍ എതിര്‍ത്തതായി അധികൃതരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ തന്റെ എതിര്‍പ്പ് അദ്ദേഹം രേഖാമൂലം സമര്‍പ്പിക്കുകയും ചെയ്തു. മുമ്പും ഇത്തരം നിയമനങ്ങളില്‍ രാഹുല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
കമ്മിറ്റിക്കു മുന്നില്‍ വെച്ച ചുരുക്കപ്പട്ടികയില്‍ ദളിത്, ആദിവാസി, ഒബിസി/ഇബിസി, ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവരുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചത്.
മുഖ്യ വിവാരവകാശ കമ്മിഷണറുടെ ഒഴിവുള്‍പ്പെടെ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷനില്‍ (CIC) 8 ഒഴിവുകളുണ്ട്. സെപ്തംബര്‍ പകുതി വരെ, ഹിരാലാല്‍ സാമരിയ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണറായി സേവനമനുഷ്ഠിച്ചു. സെപ്തംബര്‍ 13-ന് അദ്ദേഹം വിരമിച്ചതു മുതല്‍ ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ആനന്ദി രാമലിംഗവും വിനോദ് കുമാര്‍ തിവാരിയും എന്നീ രണ്ട് ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍മാര്‍ മാത്രമാണ് നിലവില്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. സി.ഐ.സി വെബ്‌സൈറ്റ് അനുസരിച്ച്, 30,838 കേസുകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നുണ്ട്.

