KSDLIVENEWS

Real news for everyone

ബിഹാറിൽ സ്ത്രീകള്‍ക്കുള്ള 10,000 രൂപ പുരുഷന്മാരുടെ അക്കൗണ്ടിലും: തിരികെ നല്‍കണമെന്ന് സര്‍ക്കാർ; കടുപ്പിച്ച്‌ വോട്ടർമാർ

SHARE THIS ON

പട്‌ന: ബിഹാറില്‍ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്ബ് സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രഖ്യാപിച്ച 10,000 രൂപ മാറിയെത്തിയത് പുരുഷന്മാരുടെ അക്കൗണ്ടിലേക്കും.

മുഖ്യമന്ത്രി മഹിളാ റോജ്ഗര്‍ യോജനയുടെ ഭാഗമായി തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്ബ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നു. ഇതില്‍ ചിലതാണ് പുരുഷന്മാരുടെ അക്കൗണ്ടിലേക്ക് മാറിയെത്തിയിരിക്കുന്നത്. എന്നാല്‍ ഈ പണം തിരിച്ചയക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത് ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്.

ദര്‍ഭൻഗ ജില്ലയിലെ 14 പുരുഷന്മാരുടെ അക്കൗണ്ടിലേക്കാണ് പണം മാറി എത്തിയത്. ഇതില്‍ ചിലര്‍ പണം തിരികെ നല്‍കിയിട്ടുണ്ട്. എന്നാല്‍ പണം തിരിച്ചുവേണമെങ്കില്‍ തങ്ങള്‍ നല്‍കിയ വോട്ട് തിരിച്ചു തരൂവെന്നാണ് ഒരു കൂട്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സാങ്കേതിക പിശക് കാരണം പണം പുരുഷന്മാരുടെ അക്കൗണ്ടിലേക്കും എത്തിയെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് നോട്ടീസ് അയക്കുകയായിരുന്നു.

പലരും ഈ പണം പല കാര്യങ്ങള്‍ക്കായി ഉപയോഗിച്ചെന്നാണ് പറയുന്നത്. ഇനി തിരികെ നല്‍കാന്‍ തങ്ങളുടെ പക്കല്‍ പണമില്ലെന്നും പുരുഷന്മാര്‍ പ്രതികരിച്ചു. ‘നമ്മുടെ വോട്ടുകള്‍ ഉപയോഗിച്ച്‌ തെരഞ്ഞെടുപ്പില്‍ വിജയിച്ചു, ഇപ്പോഴവര്‍ക്ക് പണം തിരികെ വേണം’, ‘അവര്‍ ഞങ്ങള്‍ക്ക് പണം തന്നു, ഞങ്ങള്‍ അവര്‍ക്ക് വോട്ട് നല്‍കി’ തുടങ്ങിയ പ്രതികരണങ്ങളാണ് പണം ലഭിച്ചവര്‍ നല്‍കുന്നത്.

നവംബറിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്ബായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി പ്രഖ്യാപിച്ചത്. സ്ത്രീകള്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാന്‍ വേണ്ടിയെന്ന് പറഞ്ഞാണ് പദ്ധതി പ്രഖ്യാപിച്ചത്. ബിഹാറിലെ 75 ലക്ഷം വരുന്ന സ്ത്രീജനങ്ങള്‍ക്കായി ആകെ 7500 കോടി പദ്ധതിയിനത്തില്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ 1.56 കോടിയോളം സ്ത്രീകള്‍ക്ക് 10,000 രൂപ വീതം എന്‍ഡിഎ സര്‍ക്കാര്‍ നല്‍കിയെന്നാണ് ദേശീയ മാധ്യമമായ ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബിഹാറില്‍ 202 സീറ്റുകളോടെ എന്‍ഡിഎ അധികാരത്തില്‍ വന്നതില്‍ ഈ പദ്ധതിക്കും വലിയ പങ്കുണ്ടെന്നാണ് വിലയിരുത്തല്‍. പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡി നോട്ടീസിന്റെ പകര്‍പ്പ് എക്‌സില്‍ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്. വിവാദമായതിന് പിന്നാലെ സംസ്ഥാന ഗ്രാമവികസന വകുപ്പ് മന്ത്രി ശ്രാവണ്‍ കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!