തദ്ദേശതിരഞ്ഞെടുപ്പിൽ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച വോട്ട് വിഹിത കണക്ക്: വോട്ടിൽ കോൺഗ്രസ് മുന്നിൽ; പാലക്കാടും കണ്ണൂരും സിപിഎം ഒന്നാമത്; സീറ്റ് കൂടി ബിജെപിക്ക് വോട്ട് കുറഞ്ഞു

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിൽ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച വോട്ട് വിഹിത കണക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടു. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച പാർട്ടിയായി കോൺഗ്രസ് മാറി. 29.17 ശതമാനം വോട്ടാണ് കോൺഗ്രസിന് ലഭിച്ചത്. സിപിഎമ്മിന് 27.16 ശതമാനം വോട്ട് വിഹിതമാണ് ലഭിച്ചത്. ബിജെപിക്ക് 14.76 ശതമാനം വോട്ടും ലഭിച്ചു.
മുന്നണി തിരിച്ചുള്ള കണക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടതിന് പിന്നാലെയാണ് ഇപ്പോൾ പാർട്ടി തിരിച്ചുള്ള കണക്കും പുറത്തുവിട്ടിരിക്കുന്നത്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരേയുള്ള ജില്ലകളിൽ കോൺഗ്രസ് ഒന്നാമതാണ്. എട്ട് ജില്ലകളിൽ കോൺഗ്രസ് 30 ശതമാനത്തിന് മുകളിൽ വോട്ട് നേടിയതായി കണക്കുകൾ വ്യക്തമാക്കുന്നു. മുന്നണി തിരിച്ചുള്ള കണക്കിൽ യുഡിഎഫ് മുന്നിലായിരുന്നു. എൽഡിഎഫ് രണ്ടാമതും എൻഡിഎ മൂന്നാമതും ആയിരുന്നു.
ADVERTISEMENT
2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 17.2 ശതമാനം വോട്ട് ബിജെപിക്ക് ഉണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 ശതമാനം വോട്ട് ലഭിച്ചിരുന്നു. എന്നാൽ ഈ തദ്ദേശ തിരഞ്ഞെടുപ്പിലേക്കെത്തുമ്പോൾ 14.76 ശതമാനം വോട്ട് മാത്രമേ ലഭിച്ചുള്ളൂ.
മുസ്ലിം ലീഗിന് 9.77 ശതമാനം, സിപിഐയ്ക്ക് 5.58 ശതമാനം, കേരള കോൺഗ്രസ് മാണി വിഭാഗത്തിന് 1.62 ശതമാനം, കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് 1.33 ശതമാനം വോട്ടുമാണ് ലഭിച്ചത്.
Add Mathrubhumi as a
trusted source on Google
തിരുവനന്തപുരം ജില്ലയിലും കോൺഗ്രസ് തന്നെയാണ് മുമ്പിൽ. 34.52 ശതമാനം വോട്ടാണ് തിരുവനന്തപുരത്ത് കോൺഗ്രസിന് ലഭിച്ചത്. രണ്ടാമത് സിപിഎം ആണ്. 29.4 ശതമാനം. തിരുവനന്തപുരം നഗരസഭ ബിജെപി പിടിച്ചെടുത്തു എന്ന് പറയുമ്പോഴും വോട്ട് വിഹിതത്തിൽ ബിജെപി മൂന്നാമത് ആണ്. 23.08 ശതമാനം വോട്ടാണ് ലഭിച്ചത്.
പാലക്കാട് ജില്ലയിൽ സിപിഎം ആണ് മുമ്പിൽ. 33.93 ശതമാനം വോട്ടാണ് ലഭിച്ചത്.
കണ്ണൂരിൽ 27.11 ശതമാനം വോട്ട് ആണ് കോൺഗ്രസിന് ലഭിച്ചത്. 38.82 ശതമാനം വോട്ട് സിപിഎം നേടി. 10.06 ശതമാനം വോട്ട് ആണ് ബിജെപിക്ക് ലഭിച്ചത്.
ബിജെപി 20 ശതമാനം വോട്ട് വിഹിതം നേടിയത് തിരുവനന്തപുരം ജില്ലയിൽ മാത്രമാണ്. മറ്റിടങ്ങളിൽ 20 ശതമാനത്തിനു താഴെയാണ് വോട്ട് വിഹിതം. പാലക്കാട് 17.05 ശതമാനം വോട്ട് വിഹിതമാണ് ബിജെപിക്ക് നേടാനായത്.
കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലൊഴികെ ബാക്കി എല്ലാ ജില്ലകളിലും കോൺഗ്രസ് 30 ശതമാനത്തിലേറെ വോട്ടുകളാണ് നേടിയത്. സിപിഎം ആകട്ടെ, കണ്ണൂരിലും പാലക്കാടും മാത്രമാണ് 30 ശതമാനത്തിലേറെ വോട്ടുകൾ നേടിയത്.
കോൺഗ്രസിന് തനിച്ച് ഏറ്റവും കൂടുതൽ വോട്ടുള്ളത് ഇടുക്കിയിലാണ് 38.60 ശതമാനം. രണ്ട് മൂന്നും സ്ഥാനങ്ങളിൽ എറണാകുളവും പത്തനംതിട്ടയുമാണ്. കോൺഗ്രസിന് ഏറ്റവും കുറവ് മലപ്പുറം ജില്ലയിലാണ്. സിപിഎമ്മിന് ഏറ്റവും കൂടുതൽ വോട്ട് കണ്ണൂർ ജില്ലയിലാണ് കിട്ടിയത്. 38.82 ശതമാനം. 33.93 ശതമാനമാണ് പാലക്കാട് കിട്ടിയത്. അതേ സമയം കോട്ടയം ജില്ലയിൽ 17.66 ശതമാനം വോട്ടെയുള്ളൂ
കോൺഗ്രസിന് ലഭിച്ച വോട്ട് ഇപ്രകാരമാണ്
തിരുവനന്തപുരം-34.52%
കൊല്ലം-31.98%
പത്തനംതിട്ട-37.06%
ആലപ്പുഴ-34.77%
കോട്ടയം-32.22%
ഇടുക്കി-38.60%
എറണാകുളം-37.34%
തൃശൂർ-31.96%
പാലക്കാട്-28.67%
മലപ്പുറം-16.81%
കോഴിക്കോട്-23.60%
വയനാട്-29.03%
കണ്ണൂർ-27.11%
കാസർകോട്-19.88%
സിപിഎമ്മിന് വിവിധ ജില്ലകളിൽ ലഭിച്ച വോട്ട് ഇങ്ങനെ
തിരുവനന്തപുരം-29.40%
കൊല്ലം-24.02%
പത്തനംതിട്ട-21.87%
ആലപ്പുഴ-29.26%
കോട്ടയം-17.66%
ഇടുക്കി-20.65%
എറണാകുളം-23.32%
തൃശൂർ-28.37%
പാലക്കാട്-33.93%
മലപ്പുറം-23.58%
കോഴിക്കോട്-28.49%
വയനാട്-28.11%
കണ്ണൂർ-38.82%
കാസർകോട്-25.63%
ബിജെപിക്ക് വിവിധ ജില്ലകളിൽ ലഭിച്ച വോട്ട് ഇങ്ങനെ
തിരുവനന്തപുരം-23.08%
കൊല്ലം-19.38%
പത്തനംതിട്ട-19.00%
ആലപ്പുഴ-19.91%
കോട്ടയം-15.08%
ഇടുക്കി-7.76%
എറണാകുളം-10.94%
തൃശൂർ-19.65%
പാലക്കാട്-17.05%
മലപ്പുറം-5.91%
കോഴിക്കോട്-11.67%
വയനാട്-14.02%
കണ്ണൂർ-10.06%
കാസർകോട്-18.88%

