KSDLIVENEWS

Real news for everyone

ചട്ടഞ്ചാൽ ടാറ്റാ ട്രസ്റ്റ് ഗവ. ആശുപത്രി ഇനി ജില്ലാ ആസ്പത്രിയുടെ അനുബന്ധ ആശുപത്രി; സൂപ്രണ്ടിന് ചുമതലയും കൈമാറി

SHARE THIS ON

കാസർകോട്: ചട്ടഞ്ചാലിലെ ടാറ്റാ ട്രസ്റ്റ് ഗവ. ആസ്പത്രി (ടാറ്റാ കോവിഡ് ആസ്പത്രി) ഇനി സ്വതന്ത്ര ആസ്പത്രി. ആസ്പത്രി സൂപ്രണ്ടിന് ചുമതലയും കൈമാറി. നിലവിൽ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയുടെ അനുബന്ധ ആസ്പത്രിയായാണിത് പ്രവർത്തിച്ചിരുന്നത്. സ്വതന്ത്ര ആസ്പത്രിയാക്കിയെങ്കിലും ഭരണച്ചുമതലയും നിയന്ത്രണവും തുടർന്നും ജില്ലാ പഞ്ചായത്തിനാണ്.

ടാറ്റാ ട്രസ്റ്റ് ഗവ. ആസ്പത്രിയിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെയും ഒപി ബ്ലോക്കിന്റെയും നിർമാണം പുരോഗമിക്കുകയാണ്. കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ളവർക്ക് ഇതിന്റെ മേൽനോട്ടം വഹിക്കുക പ്രായോഗികമായി ബുദ്ധിമുട്ടാണ്. ജില്ലാ ആസ്പത്രിയും ഈ ആസ്പത്രിയും തമ്മിൽ 20 കിലോമീറ്ററിലധികം ദൂരമുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് സ്വതന്ത്ര ആസ്പത്രിയാക്കി മാറ്റണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ സർക്കാരിനോടാവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് നടപടി.

കോവിഡ് കാലത്ത് സഹായം

:കോവിഡ് ചികിത്സയുടെ കാര്യത്തിൽ കാസർകോടിന്റെ പിന്നാക്കാവസ്ഥ മറികടക്കാനായാണ് ടാറ്റാ ട്രസ്റ്റ് കാസർകോട്ട് പ്രത്യേക ആസ്പത്രി അനുവദിച്ചത്. സംസ്ഥാനസർക്കാർ ചട്ടഞ്ചാലിൽ ഏറ്റെടുത്തുനൽകിയ 4.12 ഏക്കർ സ്ഥലത്താണ് പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് ആസ്പത്രി നിർമിച്ചത്. ടാറ്റാ സ്റ്റീൽ പ്ലാന്റുകളിൽ നിർമിച്ച കണ്ടെയ്നറുകളാണ് ഇതിനുപയോഗിച്ചത്. 128 കണ്ടെയ്നറുകളിലായി ഒരേസമയം 553 രോഗികളെ ചികിത്സിക്കാനുള്ള കിടക്കയും മറ്റ് അനുബന്ധ സൗകര്യങ്ങളുമൊരുക്കി. 2020 ഏപ്രിൽ 11-ന് തുടങ്ങിയ പണി 124 ദിവസത്തിനുള്ളിൽ പൂർത്തിയാക്കി.

നാട് കോവിഡ് മഹാമാരിയിൽനിന്ന് മുക്തമായതോടെ ആസ്പത്രിയുടെ പ്രവർത്തനവും നിലച്ചു. ഇതോടെ കണ്ടെയ്നറുകൾ മാറ്റി അവിടെ ക്രിട്ടിക്കൽ കെയർ ആസ്പത്രി നിർമിക്കാനായിരുന്നു ആരോഗ്യവകുപ്പിന്റെ തീരുമാനം. കണ്ടെയ്നറുകൾ വിവിധ സർക്കാർവകുപ്പുകൾക്കും സ്കൂളുകൾക്കും മറ്റുമായി നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!