ആരിക്കാടി ടോൾ പ്ലാസ പ്രശ്നം:
കളക്ടറുടെ ചേംബറിലെത്തിയ എംഎൽഎ ഉൾപ്പടെയുള്ള സംഘത്തെ അപമാനിച്ച സംഭവത്തിൽ കളക്ടറുടെ പെരുമാറ്റത്തിനെതിരേ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി

കുമ്പള: ആരിക്കാടി ടോൾ പ്ലാസയുമായി ബന്ധപ്പെട്ട പ്രശ്നം ചർച്ചചെയ്യാൻ കളക്ടറുടെ ചേംബറിലെത്തിയ എംഎൽഎ ഉൾപ്പടെയുള്ള സംഘത്തെ അപമാനിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി. ടോൾ പ്ലാസ വിരുദ്ധ സമിതി ചെയർമാൻ കൂടിയായ എ.കെ.എം. അഷ്റഫ് എംഎൽഎയാണ് പരാതി നൽകിയത്. തിങ്കളാഴ്ച കളക്ടർ കെ. ഇമ്പശേഖറിന്റെ ചേംബറിലെത്തിയ എ.കെ.എം അഷ്റഫ് എംഎൽഎ, ജില്ലാ പഞ്ചായത്തംഗം അസീസ് കളത്തൂർ, കർമസമിതി വർക്കിങ് ചെയർമാനും, സിപിഎം കുമ്പള ഏരിയാ കമ്മിറ്റി സെക്രട്ടറിയുമായ സി.എ. സുബൈർ, പൃഥ്വിരാജ്, ലക്ഷ്മണ പ്രഭു എന്നിവരടങ്ങുന്ന സംഘത്തിനാണ് കളക്ടറിൽനിന്ന് ദുരനുഭവമുണ്ടായതായി പറയുന്നത്. ഇതു സംബന്ധിച്ച് കർമസമിതിയും മുഖ്യമന്ത്രി, പൊതുമരാമത്തുമന്ത്രി എന്നിവർക്ക് പരാതി നൽകുമെന്ന് സി.എ. സുബൈർ അറിയിച്ചു. ഈ മാസം 27-ന് ടോൾ പിരിക്കുന്നതിനുള്ള ശ്രമമുണ്ടായാൽ, അതിനെ ശക്തമായി തടയുമെന്ന് കർമസമിതി ഭാരവാഹികൾ പറഞ്ഞു. ടോൾപിരിവ് നടത്തുന്നതിനുള്ള ശ്രമം ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്നുവെന്ന സൂചനയെ തുടർന്നാണ് സംഘം കളക്ടറെ കാണാനെത്തിയത്. സംഘത്തിലൊരാൾ ഫോൺ ഉപയോഗിച്ചതിനെ തുടർന്നായിരുന്നു പ്രശ്നങ്ങൾ ഉണ്ടായത്. പോലീസിനെ വിളിക്കാനും അറസ്റ്റ് ചെയ്യാനും ശ്രമം നടത്തിയെന്നാണ് സംഘം ആരോപിക്കുന്നത്. ഇത്തരത്തിലൊരു പെരുമാറ്റം കളക്ടറിൽനിന്നും ആദ്യമായിട്ടാണുണ്ടായതെന്നാണ് എംഎൽഎ പറയുന്നത്.
ജനപ്രതിനിധികളെ ആക്ഷേപിച്ചെന്നപ്രചാരണം വാസ്തവവിരുദ്ധം- കളക്ടർ
കുമ്പള ആരിക്കാടി ടോൾ പ്ലാസയുമായി ബന്ധപ്പെട്ട കളക്ടറുടെ ചേംബറിൽ ചർച്ചയ്ക്ക് എത്തിയ ജനപ്രതിനിധികളെ ആക്ഷേപിച്ചതായുള്ള പ്രചാരണം വാസ്തവവിരുദ്ധമാണെന്നു കളക്ടർ കെ. ഇമ്പശേഖർ അറിയിച്ചു. ടോൾ പ്ലാസ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനാൽ നിലവിൽ തീരുമാനമെടുക്കാൻ സാധിക്കില്ല. ഇതു സംബന്ധിച്ച് ഔദ്യോഗികമായി യോഗം 22-ന് കളക്ടറേറ്റിൽ വിളിച്ചിരുന്നില്ല.
എന്നാൽ ചേംബറിൽ കളക്ടറെ വന്ന് നേരിൽക്കണ്ട ജനപ്രതിനിധികളോടും രാഷ്ട്രീയകക്ഷികളോടും കോടതിയുടെ ഉത്തരവ് പ്രകാരം നടപടി സ്വീകരിക്കാമെന്ന് അറിയിച്ചിരുന്നു. സാമൂഹികമാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതാണെന്നും കളക്ടർ പത്രക്കുറിപ്പിൽ അറിയിച്ചു.
ശ്രമം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ- ബിജെപി
: ആരിക്കാടി ടോൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇന്ത്യസഖ്യത്തിന്റെ ശ്രമമെന്നു ബിജെപി കോഴിക്കോട് മേഖലാ പ്രസിഡന്റ് കെ. ശ്രീകാന്ത് ആരോപിച്ചു.
ഈ വിഷയത്തിൽ കളക്ടറുടെ ചേംബറിൽ ജനപ്രതിനിധികളുടെയോ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയോ യോഗം വിളിച്ചിട്ടില്ലെന്നും ജനപ്രതിനിധികൾ ഇറങ്ങിപ്പോകേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ലെന്നും കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരേ സമഗ്രാന്വേഷണം നടത്തി
രാഷ്ട്രീയഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

