KSDLIVENEWS

Real news for everyone

നേറ്റിവിറ്റി കാർഡ് കൊണ്ടുവരാൻ കേരളം: പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോൾ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകുന്നത് മന്ത്രിസഭായോഗം തത്വത്തിൽ അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി എക്കാലത്തും ഉപയോഗിക്കാവുന്നതും സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റ് സാമൂഹിക ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താൻ കഴിയുംവിധത്തിലുള്ള നിയമ പിൻബലത്തോടുകൂടിയ ആധികാരിക രേഖ ആയാണ് കാർഡ് നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു സംസ്ഥാനത്ത് വ്യക്തിയുടെ ജനനവും ദീർഘകാല താമസവും തെളിയിക്കുന്ന രേഖയാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ്. എന്നാൽ, അത് നിയമ പ്രാബല്യമുള്ള രേഖയല്ല. നിലവിൽ ഓരോ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പല പ്രാവശ്യം നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വാങ്ങേണ്ടിവരുന്നു. ഈ വിഷയം പരാതിയായി സർക്കാരിനു മുന്നിലുണ്ട്. ജനങ്ങളുടെ നിരന്തരമായ അഭ്യർഥനയും ഇക്കാര്യത്തിൽ വന്നിട്ടുണ്ട്. കാർഡ് വരുന്നതോടെ ഈ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. നേറ്റിവിറ്റി കാർഡിന് നിയമ പ്രാബല്യം നൽകുന്നതിനുള്ള നിയമത്തിന്റെ കരട് നിയമ വകുപ്പുമായി കൂടിയാലോചിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കുവാൻ റവന്യു വകുപ്പിനെ ചുമലതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സർക്കാർ സേവനങ്ങൾക്ക് ഗുണഭോക്തൃ തിരിച്ചറിയൽ രേഖയായി കാർഡിനെ ഉപയോഗപ്പെടുത്താനാകും. തഹസിൽദാർമാർക്കായിരിക്കും കാർഡിന്റെ വിതരണച്ചുമതല. സ്വന്തം അസ്തിത്വം തെളിയിക്കാൻ ജനങ്ങൾ പ്രയാസമനുഭവിക്കേണ്ടിവരുന്ന ദുരവസ്ഥ ആശങ്കാജനകമാണ്. ഒരാൾ, താൻ ഈ നാട്ടിൽ ജനിച്ചു ജീവിക്കുന്നയാളാണെന്നോ  സ്ഥിരതാമസക്കാരനാണെന്നോ ആരുടെ മുന്നിലും അനായാസം തെളിയിക്കാൻ പ്രാപ്തനാകണം. ഒരാളും പുറന്തള്ളപ്പെടുന്ന അവസ്ഥ വരരുത്. അതിനായി ആധികാരികവും നിയമ പിൻബലമുള്ളതുമായ രേഖ ആ വ്യക്തിയുടെ കൈവശമുണ്ടാകണം. അത്തരമൊരു രേഖ കേരളത്തിൽ ആവിഷ്‌കരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!