അലിഗഢ് മുസ്ലിം സർവകലാശാല കാമ്പസിൽ അധ്യാപകനെ വെടിവെച്ച് കൊലപ്പെടുത്തി

ലഖ്നൗ: അലിഗഢ് മുസ്ലിം സർവകലാശാല കാമ്പസിൽ അധ്യാപകനെ വെടിവെച്ച് കൊലപ്പെടുത്തി. അലിഗഢ് കാമ്പസിലെ എബികെ യൂണിയൻ ഹൈസ്കൂളിലെ അധ്യാപകൻ റാവു ഡാനിഷ് ഹിലാൽ ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി ഒൻപതുമണിയോടെ കാമ്പസിലെ ലൈബ്രറി കാന്റീന് സമീപത്തുവെച്ചാണ് ഡാനിഷിന് അജ്ഞാതരുടെ വെടിയേറ്റത്.
ലൈബ്രറി കാന്റീന് സമീപം ഡാനിഷും സുഹൃത്തുക്കളും സംസാരിച്ചിരിക്കുന്നതിനിടെയാണ് അക്രമിസംഘം സ്കൂട്ടറിൽ എത്തിയത്. പിന്നാലെ ഇവർ രണ്ടുതവണ ഡാനിഷിന് നേരേ വെടിയുതിർക്കുകയായിരുന്നു. അധ്യാപകന്റെ തലയ്ക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഡാനിഷിനെ ഉടൻതന്നെ ജെഎൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
അതേസമയം, അക്രമികളിലൊരാൾ വെടിയുതിർക്കുന്നതിന് മുൻപ് ‘ഡാനിഷ്, ഇപ്പോൾ നിനക്ക് എന്നെ അറിയാം’ എന്ന് പറഞ്ഞതായി വിവരങ്ങളുണ്ട്. സംഭവത്തിൽ പോലീസ് വിവിധസംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചതായി പോലീസ് സൂപ്രണ്ട് മായങ്ക് പഥകും മാധ്യമങ്ങളോട് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും വ്യക്തിവൈരാഗ്യം ഉൾപ്പെടെ എല്ലാവശങ്ങളും പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിവരമറിഞ്ഞ് അലിഗഢ് സർവകലാശാല വൈസ് ചാൻസലർ നൈമ ഖാത്തൂൻ, പ്രോക്ടർ പ്രൊഫസർ മുഹമ്മദ് ഫസീം അലി എന്നിവർ ആശുപത്രിയിലെത്തി.

