മക്കയിൽ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ശരീരം മറയാക്കി സുരക്ഷാ ഉദ്യോഗസ്ഥൻ: അഭിനന്ദനവുമായി ലോകം

മക്ക: മസ്ജിദുൽ ഹറാമിൽ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച തീർത്ഥാടകനെ അത്ഭുതകരമായി രക്ഷപ്പെടുത്തി സൗദി സുരക്ഷാ ഉദ്യോഗസ്ഥൻ ശ്രദ്ധേയനായി. റിയാൻ ബിൻ സഈദ് അബു ഫൈദ അൽ മഗിദി അൽ അസീരി എന്ന ഉദ്യോഗസ്ഥനാണ് സ്വന്തം ജീവൻ പണയപ്പെടുത്തി തീർത്ഥാടകനെ രക്ഷിച്ചത്. ഡിസംബർ 25-നായിരുന്നു സംഭവം.
മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടിയ ആളെ രക്ഷിക്കാൻ ഉദ്യോഗസ്ഥൻ അതിവേഗം ഓടിയെത്തുകയും സ്വന്തം ശരീരത്തിലേക്ക് വീഴ്ത്തുകയുമായിരുന്നു. ഉദ്യോഗസ്ഥന്റെ ദേഹത്തേക്കാണ് തീർത്ഥാടകൻ വീണത് എന്നതിനാൽ മാരകമായ അപകടം ഒഴിവായി. വീഴ്ചയുടെ ആഘാതത്തിൽ ഇരുവർക്കും പരിക്കേറ്റു. ഉദ്യോഗസ്ഥന്റെ എല്ലുകൾക്ക് പൊട്ടലും മറ്റ് പരിക്കുകളുമുണ്ടെങ്കിലും നിലവിൽ അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ലോകമെമ്പാടുമുള്ളവർ ഉദ്യോഗസ്ഥന്റെ ധീരതയെ പ്രശംസിച്ചു.
സംഭവമറിഞ്ഞ സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് പരിക്കേറ്റ ഉദ്യോഗസ്ഥനെ നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സൗദി സുരക്ഷാ ഉദ്യോഗസ്ഥർ കാണിക്കുന്ന ആത്മാർത്ഥതയുടെയും ത്യാഗത്തിന്റെയും ഉത്തമ ഉദാഹരണമാണ് ഈ സംഭവമെന്ന് അദ്ദേഹം പറഞ്ഞു. മസ്ജിദുൽ ഹറാമിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും ആരാധനയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഹറം കാര്യ മേധാവി ഷെയ്ഖ് ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് വിശ്വാസികളെ ഓർമ്മിപ്പിച്ചു. ആത്മഹത്യ ഇസ്ലാമിക വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

