മുഖ്യമന്ത്രിയും പോറ്റിയും ഒന്നിച്ചുള്ള ചിത്രം: എൻ.സുബ്രഹ്മണ്യൻ കസ്റ്റഡിയിൽ; പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

കോഴിക്കോട്: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കേസിൽ കോൺഗ്രസ് നേതാവ് എൻ.സുബ്രഹ്മണ്യൻ കസ്റ്റഡിയിൽ. കലാപ ആഹ്വാനം നടത്തി എന്നത് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ചേവായൂർ പൊലീസ് സ്വമേധയാ എടുത്ത കേസ് പ്രകാരമാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കൂടിയായ സുബ്രഹ്മണ്യനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രാവിലെ എട്ടുമണിയോടെ വീട്ടിലെത്തിയാണ് ചേവായൂർ പൊലീസ് നടപടി സ്വീകരിച്ചത്.
സുബ്രഹ്മണ്യനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തി. സ്റ്റേഷനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടങ്ങി. ഒഴിവാക്കാൻ സുബ്രഹ്മണ്യൻ തയാറായിരുന്നില്ല. ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും സ്റ്റേഷനിൽ ഹാജരായില്ല. സുബ്രഹ്മണ്യന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റിലേക്ക് പൊലീസ് കടക്കുമെന്നാണ് സൂചന. അതേസമയം ഫോട്ടോയുടെ ആധികാരികത വ്യക്തമാക്കുമെന്ന് എൻ.സുബ്രഹ്മണ്യൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
മുഖ്യമന്ത്രിക്കെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കാനാണ് നീക്കം. ഇതേ ഫോട്ടോ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തിനെതിരെ കേസില്ല. കേസ് രാഷ്ട്രീയപ്രേരിതമാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട വിഡിയോയിൽ നിന്നാണ് ഫോട്ടോ ക്യാപ്ചർ ചെയ്തത്. വിഡിയോ പങ്കുവച്ച് വാർത്ത നൽകിയ ചാനലിന് എതിരെയും കേസില്ല. നിയമനടപടി നേരിടും. ജാമ്യം ലഭിച്ചാൽ എടുക്കും. അതല്ലെങ്കിൽ ജയിലിൽ പോകുമെന്നും സുബ്രഹ്മണ്യൻ പറഞ്ഞു.

