KSDLIVENEWS

Real news for everyone

ഭയന്ന് ഓടിപ്പോകില്ല, പണപ്പെട്ടി കണ്ടിട്ടില്ല: വിളിച്ചിരുത്തി സംസാരിക്കാനുള്ള മര്യാദ കാണിക്കണം; ലാലി ജെയിംസ്

SHARE THIS ON

തൃശൂർ: മേയർ പദവിക്ക് പണപ്പെട്ടി നൽകിയെന്ന ആരോപണത്തെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിനു പിന്നാലെ തൃശൂർ ഡിസിസി നേതൃത്വത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ലാലി ജെയിംസ്. കാര്യങ്ങൾ പറയുമ്പോൾ സസ്പെൻഡ് ചെയ്യുകയല്ല വിളിച്ചിരുത്തി സംസാരിക്കാനുള്ള മര്യാദയാണ് കാട്ടേണ്ടതെന്നാണ് ലാലിയുടെ ആദ്യ പ്രതികരണം. ഇപ്പോഴത്തെ നടപടി ശിരസ്സാവഹിക്കും, സസ്പെൻഡ് ചെയ്തതിൽ ഭയന്നു താൻ ഓടിപ്പോകില്ലെന്നും പാർട്ടിക്കൊപ്പം എന്നും നിൽക്കുമെന്നും ലാലി പറഞ്ഞു.

സ്ഥാനമോഹിയല്ല പക്ഷേ അനീതിക്കെതിരെ എന്നും പ്രതികരിച്ചിട്ടുണ്ട്. മേയർ പദവിയെ കുറിച്ച് കേട്ട അനീതി പൊതുജനത്തെ അറിയിക്കുകയാണ് ചെയ്തത്. ഫണ്ട് വേണമെന്ന് ഡിസിസി നേതൃത്വം ആവശ്യപ്പെട്ടിരുന്നു എന്നാൽ, പറ്റില്ലെന്നു അറിയിച്ചിരുന്നതായു‍ം ലാലി പറഞ്ഞു. മേയർപദവിക്കു പണപ്പെട്ടി നൽകിയെന്നതു കേട്ട കാര്യം മാത്രമാണ്, അല്ലാതെ താൻ പണപ്പെട്ടി കണ്ടിട്ടില്ലെന്നും ലാലി ജെയിംസ് പറഞ്ഞു.

വെള്ളിയാഴ്ച നടന്ന തൃശൂർ കോർപറേഷൻ മേയർ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ ലാലി ജെയിംസ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. പെട്ടിയിൽ കാശെത്തിച്ചവർക്ക് മേയർ പദവി വിറ്റെന്നും മേയർ സ്ഥാനത്തേയ്ക്ക് കൂടുതൽ കൗൺസിലർമാരും തന്റെ പേരാണ് മുന്നോട്ടുവച്ചതെന്നും ലാലി പറഞ്ഞിരുന്നു. 4 വട്ടം കൗൺസിലറായ തനിക്കു മേയർ പദവിക്ക് അർഹതയുണ്ടെന്നും എന്നാൽ സാധാരണക്കാരി ആയതിനാൽ പരിഗണിച്ചില്ലെന്നും ലാലി പറഞ്ഞിരുന്നു. വിവാദ പ്രസ്താവനയെ തുടർന്നു വെള്ളിയാഴ്ച രാത്രിയാണ് ലാലി ജെയിംസിനെ കോൺഗ്രസിൽനിന്നും സസ്പെൻഡ് ചെയ്തത്. ഡിസിസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് നടപടി സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!