ബേക്കൽ ബീച്ച് ഫെസ്റ്റിൽ ഇന്ന് വേടനും പ്രസീതാ ചാലക്കുടിയും: പരിപാടിയുടെ ഭാഗമായി 250 പോലീസുകാരെ നിയോഗിക്കും

പള്ളിക്കര: ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ തിങ്കളാഴ്ച രാത്രി വേടന്‍റെ സംഗീതവിരുന്ന് അരങ്ങേറും. ആറുമണിക്ക് പ്രസീത ചാലക്കുടിയും സംഘവും പാടും. വൈകിട്ട് അഞ്ചിന് സിനിമ-സീരിയൽ നടൻ ഉണ്ണിരാജ് ചെറുവത്തൂർ, എഴുത്തുകാരൻ വത്സൻ പീലിക്കോട് എന്നിവർ സംസാരിക്കും. രണ്ടാംവേദിയിൽ കുടുംബശ്രീ പ്രവർത്തകരുടെ വിവിധ കലാപരിപാടികളും ഭക്ഷ്യമേളയും വിനോദപരിപാടികളുമുണ്ട്. പാർക്കിങ്ങിന് സൗകര്യം ഉണ്ടായിരിക്കും.
വേടന്‍റെ സംഗീതപരിപാടിയുടെ ഭാഗമായി 250 പോലീസുകാരെ നിയോഗിക്കുന്നുണ്ടെന്ന് ബേക്കൽ ഇൻസ്പെക്ടർ രഞ്ജിത് രവീന്ദ്രൻ പറഞ്ഞു. ഗതാഗതനിയന്ത്രണ കാര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തിയശേഷം നടപടിയുണ്ടാകുമെന്നും പോലീസ് പറഞ്ഞു.
ഞായറാഴ്ച വൈകിട്ടത്തെ സാംസ്കാരിക പരിപാടി എഴുത്തുകാരൻ സുറാബ് നീലേശ്വരം ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭന അധ്യക്ഷയായി. ചെറുകഥാകൃത്ത് വി.എം.മൃദുൽ മുഖ്യപ്രഭാഷണം നടത്തി. കെ.ഇ.എ.ബക്കർ, അജയൻ പനയാൽ, സുകുമാരൻ പൂച്ചക്കാട് എന്നിവർ സംസാരിച്ചു.

