ഹൃദയാഘാത സാധ്യത വർഷങ്ങൾക്കു മുൻപേ പ്രവചിക്കാം, രക്തപരിശോധനയുമായി ഗവേഷകർ

പലപ്പോഴും നിശ്ശബ്ദനായ കൊലയാളിയാണ് ഹൃദയാഘാതം. ഇനി ആ ‘നിശ്ശബ്ദൻ’ എത്തുന്നതിനു മുൻപേ തിരിച്ചറിയാം. ഇതിനു സഹായകമാവുന്നതോ നിർമിതബുദ്ധിയും. ഹൃദയാഘാത സാധ്യതകൾ വർഷങ്ങൾക്കു മുൻപേ പ്രവചിക്കാൻ കഴിയുന്ന പുതിയ രക്തപരിശോധനയുമായി എത്തിയിരിക്കുകയാണ് ലണ്ടനിലെ ഇംപീരിയൽ കോളേജ് ഗവേഷകർ.
‘ഹൃദയാഘാതം തടയാനുള്ള ടൈം മെഷീൻ’ എന്ന് വിശേഷിപ്പിക്കുന്ന ഈ കണ്ടെത്തൽ, കായികതാരങ്ങളിലും യുവാക്കളിലും പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനങ്ങൾ തടയാൻ സഹായിക്കും. ഹൃദയപേശികൾ അസാധാരണമായി കട്ടിയാകുന്ന ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി (എച്ച്സിഎം)എന്ന അവസ്ഥ കണ്ടെത്താനാണ് ഈ പരിശോധന പ്രധാനമായും സഹായിക്കുന്നത്. ഈ രോഗം പലപ്പോഴും പുറമേ ലക്ഷണങ്ങൾ കാണിക്കാറില്ല. എന്നാൽ, രക്തത്തിലെ പ്രോട്ടീനുകളെയും വ്യക്തിയുടെ ജനിതകഘടനയെയും അത്യാധുനിക എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വിശകലനം ചെയ്ത് രോഗസാധ്യത പ്രവചിക്കാൻ ഇനി സാധിക്കും.
ശ്രദ്ധിക്കേണ്ട പ്രാരംഭ ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?
ഹൃദ്രോഗം പോലെ ജീവിതശൈലീ പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തിൽ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളിൽ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാൻ പത്തോ ഇരുപതോ, ചിലപ്പോൾ അതിലധികമോ വർഷങ്ങൾ തന്നെ എടുത്തേക്കാം. ചിലപ്പോൾ 20 അല്ലെങ്കിൽ 25 വയസ്സിൽ ആയിരിക്കും രോഗാവസ്ഥയുടെ ആദ്യപടികൾ ശരീരത്തിൽ കണ്ടുതുടങ്ങുന്നത്. പക്ഷേ ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല.
പ്രാഥമിക പരിശോധനയിൽ നിന്ന് ഹൃദ്രോഗ സാധ്യതകൾ തിരിച്ചറിയാൻ പോലും യഥാർഥത്തിൽ കഴിയുകയില്ല. എന്നാൽ, ഏതാനും വർഷങ്ങൾ കഴിയുമ്പോഴേക്കും ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഈ ലക്ഷണങ്ങളെയും ചിലപ്പോൾ തിരിച്ചറിയാൻ സാധിക്കാതെ വരാറുണ്ട്. വളരെ ക്ലാസിക്കലായ ഹൃദ്രോഗ ലക്ഷണങ്ങൾ (Typical Symptoms) ആരംഭിക്കുമ്പോൾ മാത്രമാണ് അതൊരു ഹൃദ്രോഗസൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്. നടക്കുമ്പോൾ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോൾ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു.
എന്നാൽ, ഇതിനു മുമ്പേ ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഇടതുകൈയിൽ ഉണ്ടാകുന്ന കടച്ചിൽ, അമിതമായ വിയർപ്പ്, കഴുത്ത് പിടിച്ച് മുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന കണ്ണിൽ ഇരുട്ട് അടയ്ക്കൽ അല്ലെങ്കിൽ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളായി മനസ്സിലാക്കേണ്ടതുണ്ട്. ഭാരപ്പെട്ട ജോലികൾ ചെയ്യുമ്പോൾ നെഞ്ചിൽ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്പോൾ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവർ തീർച്ചയായും വൈദ്യോപദേശം തേടേണ്ടതാണ്. നെഞ്ചെരിച്ചിൽ പ്രശ്നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്.

