ശബരിമല ഏശിയില്ല, അമിത ആത്മവിശ്വാസം, സംഘടനാ ദൗർബല്യം, പ്രാദേശിക വീഴ്ച; തോൽവിയുടെ കാരണം കണ്ടെത്തി CPM

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്തി സിപിഎം. അമിത ആത്മവിശ്വാസം,സംഘടനാ ദൗർബല്യം, പ്രാദേശിക വീഴ്ച തുടങ്ങിയ കാരണങ്ങളാണ് അപ്രതീക്ഷിത തോൽവിക്ക് കാരണമായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ചകൾക്കും വിലയിരുത്തലുകൾക്കും ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗോവിന്ദൻ. ശബരിമല വിഷയത്തിൽ യുഡിഎഫും ബിജെപിയും വലിയ പ്രചാരവേല നടത്തിയെങ്കിലും ഉദ്ദേശിച്ച ഫലം അവർക്ക് ലഭിച്ചില്ലെന്നും പാർട്ടി വിലയിരുത്തിയതായി ഗോവിന്ദൻ വ്യക്തമാക്കി.
‘സർക്കാരിന്റെ പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് ഒക്ടോബർ 29-ലെ മന്ത്രിസഭാ തീരുമാനംവെച്ച് വിജയിക്കുമെന്ന അമിതമായ ആത്മവിശ്വാസം പൊതുവിൽ എൽഡിഎഫിനുണ്ടായിരുന്നു. ചില പ്രദേശങ്ങളിൽ പ്രത്യേകിച്ച് നഗരമേഖലകളിലുണ്ടായ സംഘടനാ ദൗർബല്യം ഈ തിരിച്ചടിക്ക് ഇടയാവുകയും ചെയ്തു. പ്രാദേശിക തലത്തിൽ പ്രവർത്തനങ്ങളിലുണ്ടായ ചില വീഴ്ചകളും അതത് മേഖലകളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ തടസ്സമായി നിൽക്കുന്ന സ്ഥിതിയുണ്ടായി. ശബരിമലപോലുള്ള വിഷയങ്ങളിൽ യുഡിഎഫും ബിജെപിയും ശക്തിയായ കള്ളപ്രചാരവേല നടത്തിയിരുന്നു. ആ പരിശ്രമം അവർ ഉദ്ദേശിച്ച പോലെ വിജയിച്ചില്ല. കണക്കുകൾ ഇതാണ് കാണിക്കുന്നത്. ശബരിമല ഉൾക്കൊള്ളുന്ന പന്തളം മുനിസിപ്പാലിറ്റി ബിജെപിയിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു.’ സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
മാധ്യമങ്ങൾ തുടർച്ചയായി നടത്തിവന്ന തെറ്റായ പ്രചാരണങ്ങൾ ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചുവെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
പണക്കൊഴുപ്പിന്റെ വലിയ സ്വാധീനം യുഡിഎഫും ബിജെപിയും ഉപയോഗിച്ചു. ബിജെപിക്ക് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ സീറ്റുകളിൽ മത്സരിച്ചിട്ടും നേരിയ വർധന മാത്രമാണ് ഉണ്ടായിട്ടുള്ളത്. അവരുടെ അവകാശവാദങ്ങൾ പൊളിഞ്ഞു. പാലക്കാട് പോലും കേവലഭൂരിപക്ഷം നേടാനായില്ല. യഥാർത്ഥത്തിൽ ബിജെപിയെ നേരിട്ടതും പ്രതിരോധിച്ചതും എൽഡിഎഫാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി ഉണ്ടായ പരാജയം സംബന്ധിച്ച് വിശദമായ പരിശോധനയാണ് പാർട്ടി നടത്തിയത്. അപ്രതീക്ഷിത പരാജയം ശരിയായ ദിശാബോധത്തോടെ വിലയിരുത്തി നിയമസഭാ തിരഞ്ഞെടുപ്പിൽ നല്ല മുന്നേറ്റം സൃഷ്ടിക്കാൻ സാധിക്കണമെന്നാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ അവസാനം നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ 33.6 ശതമാനം വോട്ടാണ് ഇടതു മുന്നണിക്ക് ലഭിച്ചത്. ഇപ്പോഴത് 39.73 ശതമാനത്തിലേക്ക് ഉയർന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിനേക്കാൾ 17 ലക്ഷത്തിലധികം വോട്ടുകളുടെ വർധന എൽഡിഎഫിന് ഉണ്ടായിട്ടുണ്ട്. യുഡിഎഫിനും ബിജെപിക്കും ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് കുറയുകയാണ് ഉണ്ടായിട്ടുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ നോക്കിയാൽ 60 സീറ്റുകളിൽ എൽഡിഎഫിന് കൃത്യമായ ലീഡുണ്ട്. നേരിയ വ്യത്യാസത്തിന് മണ്ഡലങ്ങളിൽ പുറകിലായിട്ടുണ്ടെന്നും അത് പ്രാദേശിക പ്രശ്നങ്ങൾ മൂലമാണെന്നും എം.വി. ഗോവിന്ദൻ അവകാശപ്പെട്ടു.
വിശ്വാസികളെ ഉപയോഗിച്ച് വോട്ടാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. ബിജെപി ഹിന്ദുത്വ വർഗീയതയിലൂന്നിയുള്ള വ്യാപകമായി കള്ളപ്രചാരവേല നടത്തുകയുണ്ടായി. ലീഗിന്റെ നേതൃത്വത്തിൽ ജമാഅത്ത് ഇസ്ലാമിയേയും എസ്ഡിപിഐയേയും ഉപയോഗപ്പെടുത്തി അവരുടെ കാഴ്ചപ്പാടുകളെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയ്ക്ക് വേണ്ടി സൃഷ്ടിച്ചു. യുഡിഎഫിലെ ഘടകകക്ഷികൾ ഇതിന് എല്ലാ ഒത്താശയും നൽകി. എല്ലാ വർഗീയശക്തികളേയും ഒപ്പംനിർത്തി ഇടതുപക്ഷത്തെ മുഖ്യശത്രുവമായി കണക്കാക്കിയാണ് യുഡിഎഫും ബിജെപിയും പ്രചാരണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫും ബിജെപി മത്സരിക്കുന്നിടത്ത് യുഡിഎഫ് വോട്ട് ബിജെപിക്ക് നൽകി. കമ്യൂണിസ്റ്റ് വിരുദ്ധതയെ ഉപയോഗപ്പെടുത്തിയാണ് പരസ്പരം വോട്ട് കൈമാറ്റം നടത്തിയത്. അതിന് ശേഷം നടന്ന പ്രസിഡന്റ് ഭാരവാഹി തിരഞ്ഞെടുപ്പ് ഘട്ടത്തിലും അത് തുടർന്നുവെന്നും എം.വി.ഗോവിന്ദൻ കുറ്റപ്പെടുത്തി.

