KSDLIVENEWS

Real news for everyone

വീട് നഷ്ടപ്പെട്ടവർക്ക് 11 ലക്ഷത്തിന്റെ ഫ്ലാറ്റ്: 8.70 ലക്ഷം രൂപ സബ്സിഡി; ജനുവരി ഒന്നു മുതൽ ഫ്ലാറ്റ് കൈമാറും

SHARE THIS ON

ബെംഗളൂരു: സർക്കാർ ഭൂമി കയ്യേറ്റം ഒഴിപ്പിച്ചതിനെ തുടർന്നു വീട് നഷ്ടപ്പെട്ടവർക്ക് രാജീവ് ഗാന്ധി ആവാസ് യോജനയ്ക്കു കീഴിൽ ഫ്ലാറ്റ് നൽകും. യെലഹങ്ക ഫക്കീർ കോളനിയിലെ ചേരിയിൽ താമസിച്ചിരുന്നവർക്കാണ് നഗരത്തിലെ ബയ്യപ്പനഹള്ളിയിൽ നിർമാണം പൂർത്തിയായ ഫ്ലാറ്റുകൾ സബ്സിഡി നിരക്കിൽ അനുവദിക്കുക. 11.20 ലക്ഷം രൂപ വിലയുള്ള ഫ്ലാറ്റുകൾക്ക് അഞ്ചു ലക്ഷം രൂപ ബെംഗളൂരു നഗര വികസന അതോറിറ്റി (ജിബിഎ) സബ്സിഡി ലഭ്യമാക്കും. ഇതിനു പുറമെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സബ്സിഡി കൂടി ലഭിക്കുന്നതോടെ ജനറൽ വിഭാഗക്കാർക്ക് 8.70 ലക്ഷം രൂപ ഇളവ് ലഭിക്കും. ബാക്കി 2.5 ലക്ഷം രൂപ വായ്പ തരപ്പെടുത്തി നൽകും.

5 ഏക്കർ ക്വാറി തിരിച്ചുനൽകില്ലെന്ന് സർക്കാർ
പട്ടിക വിഭാഗങ്ങൾക്ക് 9.50 ലക്ഷം രൂപയും മൊത്തം സബ്സിഡി ലഭിക്കും. പുറമെ 1.70 ലക്ഷം രൂപ വായ്പയായും ലഭ്യമാക്കും. ജനുവരി 1 മുതൽ ഫ്ലാറ്റുകൾ നൽകി തുടങ്ങും. അർഹരായ കുടുംബങ്ങളെ കണ്ടെത്താൻ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി സ്ഥലം സന്ദർശിച്ചു രേഖകൾ പരിശോധിക്കും. റേഷൻ കാർഡ്, ആധാർ തുടങ്ങിയ രേഖകൾ പരിശോധിച്ച ശേഷം പുനരധിവാസം സംബന്ധിച്ചു തീർപ്പുണ്ടാകും. ഭവനമന്ത്രി സമീർ അഹമ്മദ് ഖാന്റെ മേൽനോട്ടത്തിലായിരിക്കും ഇത്. ഉപമുഖ്യമന്ത്രി ഡി.െക.ശിവകുമാറും ഭവനമന്ത്രി സമീർ അഹമ്മദ് ഖാനും കഴിഞ്ഞ ദിവസം കോളനി സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണു പുനരധിവാസ പാക്കേജിന് അന്തിമ രൂപമായത്. മാലിന്യം തള്ളാൻ വിജ്ഞാപനം ചെയ്ത് 5 ഏക്കർ ക്വാറി കുടിയൊഴിപ്പിക്കപ്പെട്ടവർക്കു തിരിച്ചുനൽകാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

എഐസിസി ഇടപെട്ടു; സർക്കാർ അയഞ്ഞു
ഫക്കീർ കോളനിയിലും വസീം ലേഒൗട്ടിലുമായി നടന്ന കുടിയൊഴിപ്പിക്കൽ വിവാദമായതിനു പിന്നാലെ സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ.സി.വേണുഗോപാൽ ഇടപെട്ടതോടെയാണ് സർക്കാർ പുനരധിവാസ പാക്കേജിന് തയാറായത്. കേരളത്തിൽ ഉടൻ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായതോടെയാണു പിണറായി വിജയൻ അയൽ സംസ്ഥാനത്തെ ഒഴിപ്പിക്കൽ ഉന്നയിച്ച് രാഷ്ട്രീയം കളിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ആരോപിച്ചു. ഭൂമാഫിയ 2 ലക്ഷം രൂപ വരെ വാങ്ങിയാണ് ക്വാറിയിൽ വീടു നിർമിക്കാൻ വഴിയൊരുക്കിയത്. ഇതിന്റെ തെളിവുകൾ ഉടൻ പുറത്തുവിടുമെന്നും പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!