ക്രിക്കറ്റ് ലോകം പ്രാർഥനയിൽ: ഡാമിയൻ മാർട്ടിന് മസ്തിഷ്കജ്വരം; നില അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതർ

മെൽബൺ: ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ഡാമിയൻ മാർട്ടിൻ മസ്തിഷ്കജ്വരം ബാധിച്ച് ആശുപത്രിയിൽ. ആരോഗ്യനില അതിഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. 54-കാരനായ ഇദ്ദേഹത്തെ ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് ബ്രിസ്ബനിലെ ഗോൾഡ് കോസ്റ്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാർട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കുടുംബത്തിന്റെ പേരിൽ പുറത്തിറക്കിയ പ്രസ്താവനയിൽ മുൻ താരം ആദം ഗിൽക്രിസ്റ്റ് വ്യക്തമാക്കുന്നു.
മാർട്ടിന് ആശുപത്രിയിൽ മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും അമാൻഡയ്ക്കും കുടുംബത്തിനും ധാരാളം ആളുകൾ പ്രാർഥനയും ആശംസകളും അയയ്ക്കുന്നുണ്ടെന്നുമറിയാമെന്നും ഗിൽക്രിസ്റ്റ് അറിയിച്ചു. മുൻ ഇന്ത്യൻ ബാറ്റർ വി.വി.എസ്. ലക്ഷ്മണും ആർ. അശ്വിനും രോഗശാന്തിക്കായി പ്രാർഥന നേർന്നു.
ഓസ്ട്രേലിയക്കായി 21-ാം വയസ്സിൽ അരങ്ങേറ്റം കുറിച്ച മാർട്ടിൻ 208 ഏകദിനങ്ങളും 67 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 46.37 ശരാശരിയിൽ 4,406 റൺസ് നേടി. ഇതിൽ 13 സെഞ്ചുറികൾ ഉൾപ്പെടുന്നു. 1992-ൽ അരങ്ങേറിയ താരം 2006-ൽ ആഷസ് പരമ്പരയ്ക്കിടെ വിരമിച്ചു. 2005-ൽ ന്യൂസീലൻഡിനെതിരേ നേടിയ 165 റൺസാണ് ഉയർന്ന സ്കോർ. 2003-ൽ ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമിൽ അംഗമായിരുന്നു അദ്ദേഹം. ഫൈനലിൽ ഇന്ത്യക്കെതിരേ പുറത്താകാതെ 88 റൺസ് നേടി.

