വേടന്റെ പരിപാടിയിലെ തിരക്ക്: സംഘാടക സമിതിക്കെതിരെ ആക്ഷേപം; സുരക്ഷ ഉറപ്പാക്കുമെന്ന് കലക്ടർ

കാസർകോട് ∙ ബേക്കൽ ബീച്ച് ഫെസ്റ്റിൽ റാപ്പർ വേടന്റെ പരിപാടിയിൽ തിക്കും തിരക്കും ഉണ്ടായതുമായി ബന്ധപ്പെട്ട് സംഘാടക സമിതിക്കെതിരെ ആക്ഷേപം. പള്ളിക്കര:ഉദുമ നിയോജകമണ്ഡലത്തിലെ വികസന വീഴ്ചകൾ മറച്ചുവയ്ക്കാൻ ബേക്കൽ ബീച്ച് ഫെസ്റ്റിനെ ഉദുമ എംഎൽഎ മറയാക്കുകയാണെന്ന് പള്ളിക്കര പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ആരോപിച്ചു.ഫെസ്റ്റ് കാണാനെത്തി മടങ്ങിയ യുവാവ് റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ചിരുന്നു. 6 പേർക്ക് തിരക്കിൽ ശ്വാസതടസ്സം അനുഭവപ്പെട്ട് ആശുപത്രിയിൽ ചികിത്സയും തേടി.
ബീച്ച് ഫെസ്റ്റ് സംഘാടക സമിതിയും കോർ കമ്മിറ്റിയും മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽനിന്ന് വ്യത്യസ്തമായി ഏകപക്ഷീയമായ തീരുമാനങ്ങളിലൂടെ എംഎൽഎ രാഷ്ട്രീയ പ്രചാരണം നടത്തുന്നതിനുള്ള വേദിയാക്കി ബീച്ച് ഫെസ്റ്റ് മാറ്റുന്നതിൽ പ്രതിഷേധിച്ച് ഫെസ്റ്റിന്റെ ഇന്ന് നടക്കുന്ന സമാപന സമ്മേളനമടക്കം ബഹിഷ്കരിക്കാൻ യുഡിഎഫ് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു.
യോഗത്തിൽ പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി യുഡിഎഫ് ചെയർമാൻ സിദ്ദിഖ് പള്ളിപ്പുഴ അധ്യക്ഷത വഹിച്ചു, ഹക്കിം കുന്നിൽ, കെ.ഇ.എ.ബക്കർ സാജിദ് മൗവ്വൽ ഹനീഫ് കുന്നിൽ, സുകുമാരൻ പൂച്ചക്കാട്, ഷാഫി മൗവൽ, സത്താർ തൊട്ടി, രാജേഷ് പള്ളിക്കര, ഹാരിസ് തൊട്ടി എന്നിവർ പങ്കെടുത്തു.ഉദുമ മണ്ഡലം മുസ്‍ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പള്ളിക്കര പെരിയ റോഡിൽ സംഘടിപ്പിച്ച പ്രതിഷേധവലയം കെപിസിസി ജനറൽ സെക്രട്ടറി ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു.
റാപ്പർ വേടന്റെ പരിപാടിക്ക് അനിയന്ത്രിതമായ തിരക്ക് ഉണ്ടാകുമെന്നറിഞ്ഞിട്ടും ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതിൽ സംഘാടകർക്ക് വൻ വീഴ്ച സംഭവിച്ചതായും സംഘാടക സമിതി ചെയർമാൻ കൂടിയായ എംഎൽഎയുടെ വീഴ്ചയാണിതെന്നും ഡിസിസി വൈസ് പ്രസിഡന്റ് സാജിദ് മൗവ്വൽ ആരോപിച്ചു.
നടപടിക്ക് ഉത്തരവ് നൽകി: കലക്ടർ
ബേക്കൽ ∙ ബേക്കൽ ഫെസ്റ്റ് വീക്ഷിക്കാൻ ജനത്തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ദുരന്തം ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവ് നൽകിയതായി കലക്ടർ കെ. ഇമ്പശേഖർ അറിയിച്ചു. ആൾക്കൂട്ടം നിയന്ത്രിക്കുന്നതിന് ജില്ലാ പോലീസ് മേധാവി ബേക്കൽ ബീച്ച് പാർക്കിൽ ക്യാംപ് ചെയ്ത് നടപടി സ്വീകരിക്കും. ബീച്ച് ഫെസ്റ്റ് നടക്കുന്ന പാർക്കിലും പരിസരങ്ങളിലും ദുരന്തം ഒഴിവാക്കുന്നതിന് മുൻകരുതൽ സ്വീകരിക്കും. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തിയതായി കലക്ടർ അറിയിച്ചു.

