KSDLIVENEWS

Real news for everyone

ഗണേഷ്‍കുമാറിന് മേയര്‍ വിവി രാജേഷിന്‍റെ മറുപടി: ബസ് നിര്‍ത്തിയിടാൻ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്; ഇ-ബസ് കരാര്‍ വ്യവസ്ഥകള്‍ പാലിക്കണം

SHARE THIS ON

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇലക്ട്രിക് ബസ് സര്‍വീസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ്‍കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്. ഇലക്ട്രിക് ബസ് സര്‍വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട കരാര്‍ വ്യവസ്ഥകള്‍ പാലിക്കണമെന്നതാണ് ആവശ്യമെന്നും റൂട്ട് നിശ്ചയിക്കുന്നതിലടക്കം കരാര്‍ ലംഘനമുണ്ടെന്നും വിവി രാജേഷ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. 2023 ഫെബ്രുവരി 21ന് തിരുവനന്തപുരം കോർപ്പറേഷനും സ്മാർട്ട് സിറ്റിയും കെഎസ്ആര്‍ടിസിയും തമ്മിൽ ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകൾ പാലിക്കണം എന്നാണ് ആവശ്യം.

പീക്ക് ടൈമിൽ ഇലക്ട്രിക് ബസുകൾ സിറ്റിയിൽ വേണമെന്നാണ് വ്യവസ്ഥ. എന്നാൽ അത് പാലിക്കുന്നില്ല. റൂട്ട് നിശ്ചയിക്കുന്ന കാര്യത്തിലും ലംഘനം ഉണ്ടായി. കോർപ്പറേഷനുമായി ആലോചന ഇല്ലാതെയാണ് റൂട്ട് നിശ്ചയിക്കുന്നത്. ബസ് സര്‍വീസിലെ ലാഭ വിഹിതം നൽകുന്നതിലും വീഴ്ച്ചയുണ്ട്. ഇലക്ട്രിക് ബസ് സര്‍വീസുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി കരാർ ലംഘിച്ചതായുള്ള മുൻ മേയര്‍ ആര്യ രാജേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റും വിവി രാജേഷ് വാര്‍ത്താസമ്മേളനത്തിനിടെ വായിച്ചു.

നിലവിൽ കരാർ ലംഘനമാണ് നടന്നുകൊണ്ടിരിക്കുന്നത്. കോർപ്പറേഷന് കൂടി ലാഭം നൽകാമെന്നാണ് കരാറിൽ എഴുതിയിരിക്കുന്നത്. നിരവധി ഇടറോഡുകളിൽ ബസ് ഇല്ലാത്ത പ്രശ്നം നിലവിലുണ്ട്. കോര്‍പ്പറേഷൻ പരിധിയിലുള്ള ഗ്രാമീണ മേഖലയിലെ ഇടറോഡുകളിലടക്കം വാഹനസൗകര്യമില്ലാതെ ആളുകള്‍ ബുദ്ധിമുട്ടുന്നുണ്ട്. ഈ റോഡുകളിൽ ബസ് എത്തണം എന്നാണ് ആവശ്യം. ഇലക്ട്രിക് ബസ് സര്‍വീസുമായി ബന്ധപ്പെട്ട കരാര്‍ പാലിക്കണമെന്നാണ് മന്ത്രിയോട് പറയാനുള്ളത്. കത്ത് കൊടുത്താൽ ഇലക്ട്രിക് ബസ് തിരികെ നൽകാം എന്ന മന്ത്രിയുടെ പ്രതികരണത്തോടും വിവി രാജേഷ് പ്രതികരിച്ചു. കോര്‍പ്പറേഷന് അത്തരം ആവശ്യങ്ങളൊന്നുമില്ലെന്നും ബസ് കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ മാത്രമേയിടുവെന്ന വാശി ഒന്നുമില്ലെന്നും കോർപ്പറേഷന് ഇഷ്ട്ടം പോലെ സ്ഥലം ഉണ്ടെന്നും പക്ഷെ നിലവിൽ അതിനെ കുറിച്ച് ഒന്നും ആലോചിക്കുന്നില്ലെന്നും വിവി രാജേഷ് പറ‍ഞ്ഞു.

ബസിന്‍റെ ബാറ്ററിയാണ് പ്രധാന ഘടകം. ബസിന്‍റെ 70ശതമാനം തുകയും ബാറ്ററിക്കാണ്. ബസുകളുടെ ബാറ്ററി ഏകദേശം മാറ്റാനുള്ള സമയവുമായി. ബസ് ഓടരുതെന്നോ ബസ് തിരിച്ചെടുക്കണമെന്നോ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. കരാര്‍ നടപ്പാക്കണമെന്ന് മാത്രമാണ് പറയുന്നതെന്നും വിവി രാജേഷ് പറഞ്ഞു. നിയമ വിദഗ്ധരുമായി ആലോചിച്ച് ഇനി ബസ് സര്‍വീസ് തുടരുന്നകാര്യത്തിലടക്കം ആവശ്യമെങ്കിൽ തുടര്‍നടപടി സ്വീകരിക്കുമെന്നും വിവി രാജേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!