ചതിയൻ ചന്തു വെള്ളാപ്പള്ളി തന്നെ: എല്‍.ഡി.എഫിന് മാര്‍ക്കിടാൻ വെള്ളാപ്പള്ളിയെ ഏല്‍പിച്ചിട്ടില്ല; ബിനോയ് വിശ്വം

തിരുവനന്തപുരം: സിപിഐയ്‌ക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തില്‍ പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ചതിയൻ ചന്തു പ്രയോഗം ചേരുന്നത് വെള്ളാപ്പള്ളി നടേശന് തന്നെയാണെന്നും എല്‍ഡിഎഫിന് മാർക്കിടാൻ വെള്ളാപ്പള്ളിയെ ഏല്‍പിച്ചിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. വെള്ളാപ്പള്ളിയല്ല എല്‍ഡിഎഫ്. എല്‍ഡിഎഫിൻറെ മുഖമല്ല വെള്ളാപ്പള്ളിയെന്നും ബിനോയ് വിശ്വം പറഞ്ഞു.
വെള്ളാപ്പള്ളിയെ തൻറെ കാറില്‍ കയറ്റില്ലെന്നും മുഖ്യമന്ത്രിയെ ഉന്നമിട്ടുള്ള വിമർശനം സിപിഐയില്‍ ഉണ്ടായിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. വെള്ളാപ്പള്ളി യഥാർഥ വിശ്വാസിയാണോയെന്ന് മാധ്യമങ്ങള്‍ വിലയിരുത്തണമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയാത്തതില്‍ പരിശോധന വേണമെന്ന് പറഞ്ഞ ബിനോയ് വിശ്വം പരാജയം കൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു.
തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകും. വീണിടം വിദ്യയാണെന്ന് പറയുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ ജനുവരി 15 മുതല്‍ 30 വരെ സിപിഐ ഭവന സന്ദർശനം നടത്തും. ദേശീയ പ്രസക്തിയുള്ള സർക്കാറായി സംസ്ഥാന സർക്കാരിനെ സിപിഐ കാണുന്നുവെന്നും അതിനെ നിലനിർത്താനാണ് സിപിഐയുടെ വിമർശനമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

