ഖുർആൻ തൊട്ട് പുതിയ ചരിത്രത്തിലേക്ക് സത്യപ്രതിജ്ഞ: അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിന്റെ മേയറായി ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനി

ന്യുയോർക്ക്: അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്ക് സിറ്റിയുടെ മേയറായി ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനി അധികാരമേറ്റു.
മാൻഹാട്ടനിലെ ചരിത്രപ്രസിദ്ധമായ, ഇപ്പോള്‍ പ്രവർത്തനത്തിലില്ലാത്ത ‘ഓള്‍ഡ് സിറ്റി ഹാള്‍’ സബ്‌വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ഖുറാൻ സാക്ഷിയായാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്. ന്യൂയോർക്ക് സിറ്റിയുടെ ചരിത്രത്തിലെ ആദ്യ മുസ്ലീം മേയറും ദക്ഷിണേഷ്യൻ വംശജനായ ആദ്യ മേയറുമാണ് 34 വയസുകാരനായ ഈ ഡെമോക്രാറ്റിക് നേതാവ്.
ന്യൂയോർക്ക് അറ്റോർണി ജനറല്‍ ലെറ്റീഷ്യ ജെയിംസ് സത്യവാചകം ചൊല്ലിക്കൊടുത്തു. മനോഹരമായ ആർച്ച് മേല്‍ക്കൂരകളാല്‍ പ്രസിദ്ധമായ പഴയ സബ്‌വേ സ്റ്റേഷൻ ഈ ചരിത്ര മുഹൂർത്തത്തിന് വേദിയായി. ഇത് ജീവിതകാലത്തെ ഏറ്റവും വലിയ ബഹുമതിയും ഭാഗ്യവുമാണ് എന്ന് അധികാരമേറ്റ ശേഷം മംദാനി പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് (പ്രാദേശിക സമയം) സിറ്റി ഹാളില്‍ വെച്ച് പൊതു സത്യപ്രതിജ്ഞ നടക്കും. അമേരിക്കൻ പുരോഗമന രാഷ്ട്രീയത്തിലെ അതികായനായ സെനറ്റർ ബെർണി സാൻഡേഴ്‌സായിരിക്കും ഈ ചടങ്ങ് നിയന്ത്രിക്കുക.
സത്യപ്രതിജ്ഞയ്ക്ക് ശേഷം ബ്രോഡ്‌വേയിലെ പ്രശസ്തമായ ‘കാന്യോണ്‍ ഓഫ് ഹീറോസില്‍’ വിപുലമായ ബ്ലോക്ക് പാർട്ടി സംഘടിപ്പിച്ചിട്ടുണ്ട്. സാധാരണക്കാർക്ക് കൂടി പങ്കെടുക്കാവുന്ന രീതിയിലാണ് ഇത്തവണത്തെ ആഘോഷങ്ങള്‍. ന്യൂയോർക്ക് രാഷ്ട്രീയത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണ് മംദാനിയെ കാത്തിരിക്കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരെ ന്യൂയോർക്കിനെ ഒരു ‘സങ്കേത നഗരമായി’ നിലനിർത്തുക എന്നത് അദ്ദേഹത്തിന്‍റെ വലിയ ദൗത്യമായിരിക്കും.

