പോറ്റിയെ ആദ്യം കേറ്റിയത് സോണിയയുടെ അടുത്ത്: കട്ടയാളും വിറ്റയാളും എങ്ങനെ ഒന്നിച്ചെത്തി; മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതികളുടെ കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി. പോറ്റിയെ ആദ്യം കയറ്റിയത് സോണിയാഗാന്ധിയുടെ അടുത്താണ്. കട്ടയാളും കളവുമുതൽ വിറ്റയാളും എങ്ങനെയാണ് അവിടെ ഒരുമിച്ചെത്തിയത്. അവർക്കൊപ്പം അടൂർ പ്രകാശും ആന്റോ ആന്റണി എംപിയുമാണുള്ളത്.
പോറ്റി വിളിച്ചപ്പോൾ പോയിയെന്നാണ് അടൂർ പ്രകാശ് പറയുന്നത്. പോറ്റി വിളിച്ചാൽ പോകേണ്ടയാളാണോ അദ്ദേഹം. അത് വിശദീകരിക്കാനുള്ള ധാർമികത ഒരു പാർട്ടിയെന്നനിലയിൽ കോൺഗ്രസിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്നെ അന്വേഷണസംഘം ചോദ്യംചെയ്യുമെന്ന വാർത്തയ്ക്കുപിന്നിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയാണെന്ന അടൂർ പ്രകാശിന്റെ ആരോപണത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ശബരിമലക്കേസിൽ ഹൈക്കോടതി നിരീക്ഷണത്തിലാണ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്നത്. അന്വേഷണത്തിൽ മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ ഒരിടപെടലും നടത്തുന്നില്ല -മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയെന്നനിലയിൽ കടകംപള്ളിയോട് എന്താണ് നടന്നതെന്ന് അന്വേഷിച്ചിരുന്നോയെന്ന ചോദ്യത്തിന്, അന്വേഷണം നടക്കുകയാണല്ലോ എല്ലാം കോടതിയിലുമാണ്. അത് കഴിയുമ്പോൾ വ്യക്തമാകും -എന്നായിരുന്നു മറുപടി.
സിപിഎം രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ല
കുറച്ചു വോട്ടിനും നാലു സീറ്റിനുമായി ഏതെങ്കിലും വർഗീയശക്തികളുമായി കൂട്ടുകൂടുകയെന്ന രാഷ്ട്രീയ ചെറ്റത്തരം കാണിക്കാൻ സിപിഎമ്മില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാലു വോട്ടിനായി വർഗീയശക്തികളുമായി കൂട്ടുചേരാൻ കോൺഗ്രസ് മടിച്ചിട്ടില്ല.
അതിജീവിതമാർക്കെതിരേ സാമൂഹികമാധ്യമ അക്രമം ഉണ്ടായാൽ കർശനനടപടി
അതിജീവിതമാർക്കെതിരേ സാമൂഹികമാധ്യമ അക്രമമുണ്ടായാൽ കർശനനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിലരെ നഗ്‌നചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു. ചിലർക്ക് ജീവൻ നഷ്ടമാകുമെന്ന ഭയവുമുണ്ട്. ഇതിനാൽ പലരും പരാതിനൽകാൻ ഭയക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

