സാമ്പത്തിക പ്രതിസന്ധി: ക്രിപ്‌റ്റോകറൻസിക്കായി മിസൈലുകളും ഡ്രോണുകളും വിൽക്കാനൊരുങ്ങി ഇറാൻ

ടെഹ്റാൻ: രാജ്യത്ത് ഭരണകൂട വിരുദ്ധ പ്രക്ഷോഭം കടുക്കുന്നതിനിടെ അന്താരാഷ്ട്ര ഉപരോധങ്ങൾ മറികടക്കുന്നതിനായി ആയുധങ്ങൾ ക്രിപ്റ്റോകറൻസി (Cryptocurrency) വഴി വിൽക്കാൻ നീക്കം നടത്തി ഇറാൻ. ഇറാന്റെ ഔദ്യോഗിക പ്രതിരോധ കയറ്റുമതി ഏജൻസിയായ മിൻഡെക്‌സ് (Mindex) ആണ് ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഡിജിറ്റൽ കറൻസികൾക്കും ബാർട്ടർ (Barter) സംവിധാനത്തിനും പകരമായി വിദേശ രാജ്യങ്ങൾക്ക് വാഗ്ദാനം ചെതത്.
ബാങ്ക് ഇടപാടുകൾക്ക് പകരം ഡിജിറ്റൽ കറൻസികളോ പ്രാദേശിക കറൻസികളോ ഉപയോഗിച്ച് ആയുധങ്ങൾ വാങ്ങാമെന്ന് മിൻഡെക്‌സിന്റെ പോർട്ടൽ വ്യക്തമാക്കുന്നു. അമേരിക്കൻ ഉപരോധപ്പട്ടികയിലുള്ള പ്രതിരോധ മന്ത്രാലയത്തിന് (MODAFL) കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ ക്രിപ്റ്റോ നെറ്റ്വർക്കുകൾ വഴി ഇടപാടുകൾ നടത്തുന്നത് ഉപരോധങ്ങളിൽ നിന്ന് സംരക്ഷണം നൽകില്ലെന്നും വാങ്ങുന്നവർ നടപടി നേരിടേണ്ടി വരുമെന്നും അമേരിക്കൻ ട്രഷറി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭം അഞ്ചാം ദിവസവും കനത്ത രീതിയിൽ തുടരുകയാണ്. സുരക്ഷാ സേനയുടെ വെടിവെപ്പിൽ ഇതുവരെ ഏഴ് പ്രതിഷേധക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുരോഹിതരുടെ കേന്ദ്രമായ കോം (Qom) ഉൾപ്പെടെ ഡസൻ കണക്കിന് നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. ഏകാധിപത്യം അവസാനിപ്പിക്കണമെന്നും രാജഭരണം തിരികെ കൊണ്ടുവരണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
അതേസമയം, 2022-ലെ പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമർത്തിയ ഇറാനിയൻ ഉദ്യോഗസ്ഥർക്കെതിരെ മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങൾ ചുമത്തി അർജന്റീനയിൽ നിയമനടപടികൾ ആരംഭിച്ചു. ഇതിനിടെയാണ്, 1994-ലെ അർജന്റീന ബോംബ് സ്‌ഫോടനക്കേസിൽ പ്രതിയായ അഹമ്മദ് വാഹിദിയെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (IRGC) ഡെപ്യൂട്ടി കമാൻഡറായി ഇറാൻ നിയമിച്ചത്. ഇദ്ദേഹത്തിനെതിരെ നേരത്തെ തന്നെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇസ്രായേലിനും ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തിനും നേരെ വീണ്ടും ആക്രമണം നടത്തുമെന്ന് സൂചിപ്പിക്കുന്ന ഭീമൻ ബാനറുകൾ ടെഹ്റാനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇറാന്റെ മിസൈൽ-ആണവ കേന്ദ്രങ്ങളെ ആക്രമിക്കാൻ ഇസ്രായേലിന് ഡൊണാൾഡ് ട്രംപ് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. ജൂണിൽ നടന്ന പന്ത്രണ്ട് ദിവസത്തെ യുദ്ധത്തിന് സമാനമായ ആക്രമണങ്ങൾ ഉണ്ടാകുമെന്നാണ് ബാനറുകളിലെ മുന്നറിയിപ്പ്.

