KSDLIVENEWS

Real news for everyone

മതിലുകളില്ലാതെ ഒന്നിച്ചുപോകണമെന്ന് കേരളയാത്രയുടെ സന്ദേശം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

SHARE THIS ON


കണ്ണൂര്‍: മതില്‍ക്കെട്ടുകളില്ലാതെ ഒന്നിച്ചുപോകണമെന്ന സന്ദേശമാണ് കേരളയാത്ര നല്‍കുന്നതെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. നമ്മുടെ രാജ്യം ഒരു മതത്തിന്റേതുമല്ല, മതേതരമാണെന്നും അദ്ദേഹം പറഞ്ഞു. കേരളയാത്രക്ക് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഭരണകൂടങ്ങളുടെ വിഭജന നീക്കങ്ങളെ അംഗീകരിക്കുന്നവരല്ല ജനമെന്ന് കെ വി സുമേഷ് എം എല്‍ എ പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതയും മതസൗഹാര്‍ദവും കാത്തുസൂക്ഷിക്കുകയെന്ന ദൗത്യമാണ് കാന്തപുരം നിര്‍വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മതപരിഷ്‌കരണ വാദികള്‍ക്ക് എന്നും പിന്തുണ നല്‍കിയത് സാമ്രാജ്യത്വശക്തികളാണെന്ന് കാസിം ഇരിക്കൂര്‍ പറഞ്ഞു. 1920കളില്‍ രൂപവത്കരിക്കപ്പെട്ട സംഘടനളില്‍ പലതും പലവഴിക്ക് നീങ്ങി. ചിലത് തനി സയണിസ്റ്റ് പാതയിലേക്ക് നീങ്ങി. ചിലത് തനി ഭീകര സംഘടനകളായി. മറ്റു ചില സംഘടനകള്‍ നാമാവശേഷമായി. എന്നാല്‍, സമസ്ത ഇന്നും രൂപവത്കരണ കാലത്ത് പ്രഖ്യാപിച്ച അതേ ലക്ഷ്യത്തില്‍ ധീരമായി പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ ഇസ്ലാം എത്തിയത് സുന്നി ആദര്‍ശവുമായാണ്. പരിശുദ്ധ അഹ്ലുസ്സുന്നത്തിവല്‍ ജമാഅത്ത് എന്ന ആദര്‍ശം, അതാണ് ഇസ്ലാമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടുന്നതിന് പകരം ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനാണ് ഭരണകൂടങ്ങള്‍ ശ്രമിക്കേണ്ടതെന്ന് എസ് വൈ എസ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് പറഞ്ഞു. കുടിയിറക്കലും ആക്കൂട്ടക്കൊലയും രാജ്യത്ത് വ്യാപകമാകുമ്പോള്‍ സര്‍ക്കാര്‍ നീതിപൂര്‍വമായ നിലപാടെടുക്കണം. സാമുദായിക ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!