KSDLIVENEWS

Real news for everyone

85 സീറ്റുകൾ ഉറപ്പ്: പരസ്യമായി വിവാദങ്ങളുണ്ടാക്കുന്നവരെ മാറ്റിനിർത്തും; ഒരുക്കം തുടങ്ങാൻ കോൺഗ്രസ്

SHARE THIS ON

സുൽത്താൻ ബത്തേരി: നൂറുസീറ്റ് ലക്ഷ്യംവെച്ച് നിയസഭാതിരഞ്ഞെടുപ്പിന്‌ ഒരുക്കം തുടങ്ങാൻ കോൺഗ്രസ്. ഇതിനുള്ള മാർഗനിർദേശം സുൽത്താൻബത്തേരിയിൽ നടക്കുന്ന കെപിസിസി ലക്ഷ്യ 2026 ലീഡർ സമ്മിറ്റിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തിങ്കളാഴ്ച അവതരിപ്പിക്കും. ഫെബ്രുവരി ആദ്യത്തോടെ സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണയാവും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാൽ വോട്ടർമാരിലേക്കിറങ്ങുക പ്രകടനപത്രികയുമായാകും.

ജനുവരിയിൽ എസ്‌ഐആറുമായി ബന്ധപ്പെട്ട പ്രവർത്തനത്തിലാകും ഊന്നൽ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മെമ്പർമാർക്ക് ഇതിന് പ്രത്യേക ചുമതല നൽകും. സജീവമാകാത്ത മണ്ഡലം, ബ്ലോക്ക്, ബൂത്ത് ഭാരവാഹികളെ മാറ്റിനിർത്തും.

മാർഗരേഖ പുറത്തിറക്കുന്നതിന് മുന്നോടിയായി നേതാക്കളെ ഉത്തര-മധ്യ-ദക്ഷിണ മേഖല തിരിച്ച് ചർച്ചനടത്തി. അതിലുയർന്ന വിഷയങ്ങൾ കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ് എന്നിവർ ക്രോഡീകരിച്ച് അവതരിപ്പിച്ചു. ഇതിനുപുറമേ തിരഞ്ഞെടുപ്പുതന്ത്രജ്ഞൻ കനഗോലുവും നിർദേശങ്ങൾ അവതരിപ്പിച്ചു.

നേതൃത്വവുമായി ഇടഞ്ഞുനിന്ന ശശി തരൂരിനെവരെ ഒരുമിച്ചുനിർത്തി മുന്നോട്ടുപോവും. പരസ്യമായി വിവാദങ്ങളുണ്ടാക്കുന്നവരെ മാറ്റിനിർത്തും. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് വിജയം മുൻനിർത്തിയുള്ള അമിത ആത്മവിശ്വാസം പാടില്ലെന്ന മുന്നറിയിപ്പുമുണ്ട്.

ഉറച്ച സീറ്റുകൾ 85

നിയമസഭയിൽ യുഡിഎഫ് 85 സീറ്റുകൾ ഉറപ്പായും നേടുമെന്നാണ് വിലയിരുത്തൽ.

കാസർകോട് മൂന്ന്, കണ്ണൂർ നാല്, കോഴിക്കോട് എട്ട്, വയനാട് മൂന്ന്, മലപ്പുറം 16, പാലക്കാട് അഞ്ച്, തൃശ്ശൂർ ആറ്, എറണാകുളം 12, ഇടുക്കി നാല്, കോട്ടയം അഞ്ച്, ആലപ്പുഴ നാല്, പത്തനംതിട്ട അഞ്ച്, കൊല്ലം ആറ്, തിരുവനന്തപുരം നാല് എന്നിങ്ങനെയാണ് ഉറച്ച സീറ്റുകളുടെ കണക്ക്. തദ്ദേശതിരഞ്ഞെടുപ്പ് കണക്കിലാണ് ഈ വിലയിരുത്തൽ.

പാർട്ടിക്കുള്ളിൽ മാത്രമല്ല മുന്നണിയിലും അഭിപ്രായഭിന്നതയില്ലാതെ മുന്നോട്ടുപോകണമെന്ന് രമേശ് ചെന്നിത്തലയും കെ. മുരളീധരനും നിർദേശിച്ചു. മുസ്‌ലിംലീഗ് കൂടുതൽ സീറ്റ് ആവശ്യപ്പെട്ടാൽ പിണക്കാതെ എങ്ങനെ കൈാര്യംചെയ്യണമെന്ന് ആലോചിച്ച് തീരുമാനിക്കണം. പുതിയ പാർട്ടികളെ മുന്നണിയിലെടുക്കുമ്പോൾ അതത് ജില്ലകളിൽ ശക്തരായ ഘടകകക്ഷികളുടെകൂടെ അഭിപ്രായം കേൾക്കണം. ഇതോടൊപ്പം തൊഴിലുറപ്പ്, മലയോര-തീരദേശ മേഖകളിലെ പ്രശ്നങ്ങൾ, ശബരിമല എന്നീ വിഷയങ്ങളിൽ സമരം ശക്തമാക്കണം. തൊഴിലുറപ്പുപദ്ധതി തകർത്തതിനെതിരേ തൊഴിലുറപ്പ് തൊഴിലാളികളെ സംഘടിപ്പിച്ച് പ്രാദേശികതലംമുതൽ സംസ്ഥാനതലംവരെ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും നിർദേശമുയർന്നു. ലക്ഷ്യ സമ്മിറ്റ് തിങ്കളാഴ്ച സമാപിക്കും.

വിമർശനവുമായി ദീപ്തി മേരി വർഗീസ്

കൊച്ചിമേയർ തിരഞ്ഞെടുപ്പിൽ കെപിസിസിയുടെ മാനദണ്ഡം പാലിച്ചില്ലെന്ന വിമർശനം വീണ്ടുമുന്നയിച്ച് ദീപ്തി മേരി വർഗീസ്. ഇത് വ്യക്തിപരമായ ആക്ഷേപമല്ലെന്നും സംഘടനാപരമായ വിമർശനമാണെന്നും അവർ ചർച്ചയിൽ പറഞ്ഞു. എറണാകുളത്തുനിന്നുള്ള മറ്റ് അംഗങ്ങളും ഈ അഭിപ്രായത്തെ പിന്തുണച്ചു.

വോട്ടുയർത്തിയാൽ മെമ്പർക്ക് പാരിതോഷികം

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിേലക്കുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങൾക്ക് നിയമസഭാതിരഞ്ഞെടുപ്പിന്റെ ചുമതല നൽകണമെന്നും വാർഡിൽ വോട്ടുയർത്തുന്നവർക്ക് എഐസിസി വക പാരിതോഷികമുണ്ടാകുമെന്നും കെ.സി. വേണുഗോപാൽ. മത്സരിച്ച സ്ഥാനാർഥികൾക്കും ചുമതല നൽകും. സ്വന്തംവാർഡിൽ 100 വോട്ടെങ്കിലും വർധിപ്പിക്കുക എന്ന ടാർഗറ്റ് നൽകണമെന്നും വേണുഗോപാൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!