വി.കെ ഇബ്രാഹിം കുഞ്ഞിന്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുൻ മന്ത്രിയും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ നേതാവുമായ വി.കെ ഇബ്രാഹിം കുഞ്ഞിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. നാലുതവണ എംഎൽഎയും അതിൽ രണ്ടുതവണ മന്ത്രിയുമായിരുന്ന ഇബ്രാഹിം കുഞ്ഞ് മധ്യ കേരളത്തിലെ മുസ്‌ലിം ലീഗിന്റെ ശബ്ദമായിരുന്നുവെന്നും ട്രേഡ് യൂണിയൻ രംഗത്തും സജീവമായി പ്രവർത്തിച്ചിരുന്ന നേതാവാണ് ഇബ്രാഹിം കുഞ്ഞെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
ജനകീയനായ ജനപ്രതിനിധിയായിരുന്നു വി.കെ ഇബ്രാഹിം കുഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഏറ്റവും ഭംഗിയായി വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു ഇബ്രാഹിം കുഞ്ഞെന്നും സൗമ്യനായി ജനങ്ങളോട് ഇടപെട്ടിരുന്ന നേതാവിന്റെ വിയോഗം യുഡിഎഫിന് കനത്ത നഷ്ടമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

