ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാൻ പ്രോസിക്യൂഷൻ, തന്നെ കൂടി കക്ഷി ചേര്‍ക്കണമെന്ന് പരാതിക്കാരി

കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്ത് നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം മാത്രമാണ് തമ്മില്‍ ഉണ്ടായതെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നത് കെട്ടിച്ചമച്ച കഥയെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വാദം. ജാമ്യ ഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കും.
ഗർഭഛിദ്രത്തിനായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിച്ച മരുന്ന് കഴിച്ച് യുവതി അതീവ ഗുരുതരാവസ്ഥയിലായെന്നും രാഹുലിന് ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷൻ്റെ വാദം. കേസില്‍ കക്ഷി ചേരാൻ പരാതിക്കാരിയും കോടതിയെ സമീപിച്ചിട്ടുണ്ട്. മൂൻകൂർ ജാമ്യ ഹർജിയില്‍ തീരുമാനമെടുക്കുന്നതിന് മുമ്ബ് തന്‍റെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. കേസില്‍ പരാതിക്കാരിയായ തനിക്ക് നേരെ വലിയ സൈബറാക്രമണം നടക്കുകയാണെന്നും ഹർജിയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ കോടതിയെ അറിയിക്കാനുണ്ടെന്നാണ് പരാതിക്കാരി കോടതിയെ അറിയിച്ചിരിക്കുന്നത്.
പരാതി കൊടുത്തതിന്‍റെ പേരില്‍ പല തരത്തിലുള്ള സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വരുന്നത്. ചില കാര്യങ്ങള്‍ കോടതിയെ നേരിട്ട് ബോധ്യപ്പെടുത്താനുണ്ട്. അതുകൊണ്ട് തന്നെ ഈ കേസില്‍ കക്ഷി ചേര്‍ക്കണം. തന്‍റെ ഭാഗം കൂടി കേട്ടതിന് ശേഷം മാത്രമേ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി തീരുമാനമെടുക്കാവൂ എന്ന പരാതിക്കാരിയുടെ അപേക്ഷയാണ് കോടതിക്ക് മുന്നിലെത്തിയിരിക്കുന്നത്. ഇന്ന് കക്ഷി ചേരാനുള്ള ആവശ്യം കോടതി പരിഗണിച്ചാല്‍ അതിജീവിതക്ക് പറയാനുള്ള കാര്യം കോടതിയെ അറിയിക്കാൻ സാധിക്കും.
രാഹുലിനെതിരായ ആദ്യകേസിലാണ് കീഴ്ക്കോടതി ജാമ്യം നിഷേധിക്കുകയും പിന്നീട് മുൻകൂര്‍ ജാമ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തത്. രണ്ടാം കേസില്‍ മാത്രമാണ് നിലവില്‍ രാഹുലിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ആദ്യ കേസില്‍ പരാതിക്കാരിയുടെ എല്ലാ വാദങ്ങളും പരിഗണിച്ചു കൊണ്ടാണ് കീഴ്കോടതി ജാമ്യഹര്‍ജി തള്ളിയത്. പിന്നീട് മുൻകൂര്‍ജാമ്യ ഹര്‍ജിയുമായി ഹൈക്കോടതിയില്‍ വന്നപ്പോള്‍ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞിരുന്നു. ജാമ്യഹര്‍ജിയില്‍ തീരുമാനുമുണ്ടാകുന്നത് വരെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നീട്ടുകയും ചെയ്തു.

