വോട്ടർപട്ടികയുണ്ടാക്കാനും പൗരത്വം പരിശോധിക്കാനും അധികാരമുണ്ട്: തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: വോട്ടർപട്ടിക തയ്യാറാക്കാനും പൗരത്വം പരിശോധിക്കാനും ഭരണഘടന തങ്ങൾക്ക് അധികാരം നൽകുന്നതായി തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയിൽ. വോട്ടർപട്ടികയിൽ എത്ര വിദേശികളുണ്ടെന്നത് പ്രശ്നമല്ലെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ കാതലാണ് പൗരത്വമെന്നും കമ്മിഷൻ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ എസ്ഐആർ (വോട്ടർപട്ടിക തീവ്രപരിഷ്കരണം) നടപടികളുടെ നിയമസാധുത ചോദ്യംചെയ്യുന്ന ഹർജികളിലാണ് കമ്മിഷൻ നിലപാട് വ്യക്തമാക്കിയത്.
പൗരത്വം പരിശോധിക്കാനും തീരുമാനിക്കാനും കേന്ദ്രസർക്കാരിന് മാത്രമേ അധികാരമുള്ളൂവെന്ന ഹർജിക്കാരുടെ വാദം പൗരത്വ നിയമത്തിലെ ഒൻപത് (രണ്ട്) വകുപ്പിൽമാത്രം പരിമിതപ്പെടുന്നതാണെന്ന് കമ്മിഷനുവേണ്ടി മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി വാദിച്ചു. ഇന്ത്യൻപൗരൻ മറ്റൊരു രാജ്യത്തെ പൗരത്വമെടുത്താലുള്ള വിഷയങ്ങളാണ് ഇതിൽ പറയുന്നത്. എസ്ഐആറിനെ അസമിലെ എൻആർസിയുമായി (ദേശീയ പൗരത്വ രജിസ്റ്റർ) താരതമ്യപ്പെടുത്തുന്നതിനെയും കമ്മിഷൻ എതിർത്തു.
പ്രധാന പദവികൾ വഹിക്കാനുള്ള പ്രഥമയോഗ്യതയാണ് പൗരത്വമെന്ന് ദ്വിവേദി ചൂണ്ടിക്കാട്ടി. ഇന്ത്യൻ പൗരനല്ലാതിരിക്കുകയോ മറ്റൊരു രാജ്യത്തെ പൗരത്വമെടുക്കുകയോ വിദേശരാജ്യത്തോട് കൂറുപുലർത്തുകയോ ചെയ്യുന്ന എംപി അയോഗ്യനാകുമെന്ന് ഭരണഘടനയുടെ 102-ാം അനുച്ഛേദം പറയുന്നു. ഇത്തരം കേസുകളിൽ രാഷ്ട്രപതി തിഞ്ഞെടുപ്പ് കമ്മിഷന്റെ ഉപദേശം സ്വീകരിക്കും.
വോട്ടർപട്ടിക തയ്യാറാക്കാൻ ഭരണഘടനയുടെ 324-ാം അനുച്ഛേദം തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരം നൽകുന്നു. കമ്മിഷന്റെ അധികാരം വോട്ടർപട്ടിക പരിഷ്കരണത്തിന് ഉപയോഗിക്കുന്നതിനും ഭരണഘടന എതിരല്ലെന്നും ദ്വിവേദി പറഞ്ഞു. കേസിൽ ബുധനാഴ്ചയും വാദം തുടരും.

