KSDLIVENEWS

Real news for everyone

ബാലനിൽ ഭിന്നത; പറഞ്ഞത് അനുഭവത്തിന്റെ വെളിച്ചത്തിലെന്ന് മുഖ്യമന്ത്രി, നിരുത്തരവാദപരമെന്ന് ഗോവിന്ദൻ

SHARE THIS ON

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽവന്നാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുമെന്നും മാറാട് കലാപം ആവർത്തിക്കുമെന്നും മുതിർന്നനേതാവ് എ.കെ. ബാലൻ പറഞ്ഞതിനെച്ചൊല്ലി സിപിഎമ്മിൽ ഭിന്നത. മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി ബാലനെ പിന്തുണച്ചപ്പോൾ, പ്രസ്താവന അസംബന്ധമാണെന്ന വിരുദ്ധനിലപാടെടുത്ത് സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ. തിരുവനന്തപുരം ജില്ലാകമ്മിറ്റി യോഗത്തിലായിരുന്നു ഗോവിന്ദന്റെ അഭിപ്രായപ്രകടനം.

ബാലന്റെ പ്രസ്താവനയെ ജില്ലാകമ്മിറ്റിയംഗങ്ങൾ രൂക്ഷമായി വിമർശിച്ചപ്പോൾ അതു ശരിവെച്ചായിരുന്നു സംസ്ഥാനസെക്രട്ടറിയുടെ മറുപടി. ബാലൻ സ്വപ്നലോകത്തുനിന്നാണ് കാര്യങ്ങൾ പറയുന്നതെന്നും ഭാവനാലോകത്തുനിന്നല്ല രാഷ്ട്രീയം പറയേണ്ടതെന്നും ഗോവിന്ദൻ പറഞ്ഞു. ബാലന്റെ പരാമർശം നിരുത്തരവാദപരമാണെന്നും സാങ്കല്പികചോദ്യത്തിന് സാങ്കല്പികമായ ഉത്തരം നൽകുകയായിരുന്നുവെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.

അനവസരത്തിലുള്ള ബാലന്റെ പ്രതികരണം പാർട്ടിയെയും മുന്നണിയെയും പ്രതിരോധത്തിലാക്കിയെന്നും ജില്ലാകമ്മിറ്റിയംഗങ്ങൾ വിമർശിച്ചു. ബാലന്റെ പ്രസ്താവന പാർട്ടി തള്ളിക്കളയുന്നുവെന്നും അതിനാലാണ് മാധ്യമങ്ങളോടു പ്രതികരിക്കാതിരുന്നതെന്നും മറുപടിപറയവേ ഗോവിന്ദൻ ­വ്യക്തമാക്കി.

ബാലൻ പറഞ്ഞത് അനുഭവത്തിന്റെ വെളിച്ചത്തിൽ -മുഖ്യമന്ത്രി

വർഗീയസംഘർഷങ്ങളോ കലാപങ്ങളോ ഇല്ലാതെ മാതൃകയാണ് ഇന്നത്തെ കേരളമെന്നും അതിൽനിന്ന്‌ വ്യത്യസ്തമായ ചിത്രം ഉണ്ടായിരുന്നതാണ് എ.കെ. ബാലൻ ഓർമ്മിപ്പിച്ചതെന്നുമാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞത്. കേരളത്തിന്റെ അനുഭവം ചൂണ്ടിക്കാട്ടുന്നത് എങ്ങനെയാണ് ഭൂരിപക്ഷവോട്ട് കേന്ദ്രീകരണമാവുന്നതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ ചോദിച്ചു.

മാറാട് കലാപത്തിനുശേഷം അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി അവിടെ സന്ദർശിക്കാൻ ചെന്നപ്പോൾ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വരാൻപാടില്ലെന്ന് ആർഎസ്എസ് നിബന്ധന വെച്ചു. അവരുടെ അനുവാദംവാങ്ങി ആന്റണി അവിടെപ്പോകുന്ന സ്ഥിതിയുണ്ടായി. കുഞ്ഞാലിക്കുട്ടിയെ കൂട്ടിയില്ല. സിപിഎം ഭാരവാഹിയായിരുന്ന ഞാൻ അവിടെപ്പോയത് ആരുടെയും അനുമതിവാങ്ങിയിട്ടല്ല. വർഗീയപ്രശ്നങ്ങളും വർഗീയസംഘർഷങ്ങളും നേരിടുന്നതിൽ കൃത്യതയുള്ള നിലപാടെടുക്കാൻ അന്ന് യുഡിഎഫിനായില്ല.

അതേ വർഗീയശക്തികൾ ഇപ്പോഴും കേരളത്തിലുണ്ടെങ്കിലും തലപൊക്കാൻ ശ്രമിച്ചാൽ കർക്കശമായി നേരിടുന്നതാണ് ഇന്നത്തെ സർക്കാരിന്റെ രീതി. അതിന്റെ ഭാഗമായി, യുഡിഎഫ് വന്നാൽ എന്തായിരിക്കും സ്ഥിതിയെന്നാണ് ബാലൻ പറയാൻ ശ്രമിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ന്യൂനപക്ഷവർഗീയതയെ എതിർത്താൽ ഭൂരിപക്ഷവർഗീയ പ്രീണനമാണെന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രചാരണരീതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജീവ് ചന്ദ്രശേഖറും ഞങ്ങളും പറയുന്നത് ഒരേ ശബ്ദമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!