വർഗീയ പരാമർശം ആര് പറഞ്ഞാലും അത് അംഗീകരിക്കാൻ ആകില്ല: എ.കെ ബാലന്റെ പ്രസ്താവനക്കെതിരെ കാന്തപുരം എ.പി വിഭാഗം

കോഴിക്കോട്: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ മാറാടുകൾ ആവർത്തിക്കുമെന്ന സിപിഎം നേതാവ് എ.കെ ബാലന്റെ പ്രസ്താവനക്കെതിരെ കാന്തപുരം എപി വിഭാഗം.
വർഗീയ പരാമർശം ആര് പറഞ്ഞാലും അത് അംഗീകരിക്കാൻ ആകില്ലെന്നും ആ വിത്ത് കേരളത്തിന്റെ മണ്ണിൽ മുളക്കില്ല എന്നും കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിലെ നിലപാട് ആ സമയത്ത് പ്രഖ്യാപിക്കും.തങ്ങളുടെ സംഘടനയുമായി സഹകരിക്കാതിരുന്ന മുസ്‌ലിം ലീഗ് ഇപ്പോൾ നിലപാട് മാറ്റിയെന്നും അധികം വൈകാതെ സുന്നി ഐക്യം യാഥാർത്ഥ്യമാകും എന്നും ഖലീൽ തങ്ങൾ പറഞ്ഞു.
ഇത്തരം പ്രസ്താവനകൾ ആർക്കും നല്ലതല്ല. കേരള ജനത വിദ്യാസമ്പന്നരാണ് പ്രബുദ്ധരാണ്. അവർ നാടിൻ്റെ സൗഹാർദ്ദവും ഒത്തരുമയും കാത്തു സൂക്ഷിക്കുന്നവരാണ്. വിഭാഗീയത പറഞ്ഞവർ ഒറ്റപ്പെടുക മാത്രമെ ചെയ്യൂവെന്നും അദ്ദേഹം പറഞ്ഞു

