KSDLIVENEWS

Real news for everyone

ആള്‍ക്കൂട്ട കൊലകള്‍ സംസ്‌കാര വിരുദ്ധം: കാന്തപുരം

SHARE THIS ON

പാലക്കാട്: അന്നം ചോദിച്ചുവരുന്ന പാവപ്പെട്ട മനുഷ്യരെ തല്ലിക്കൊല്ലുന്നത് അങ്ങേയറ്റത്തെ കാടത്തമാണെന്നും ആള്‍ക്കൂട്ട കൊലകളും ആക്രമണങ്ങളും ഒരു നിലക്കും മനുഷ്യസമൂഹത്തിന് അംഗീകരിക്കാനാകില്ലെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കേരളയാത്രക്ക് ഒറ്റപ്പാലത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യാത്രാ നായകന്‍ കൂടിയായ കാന്തപുരം ഉസ്താദ്.

മനുഷ്യനന്മക്ക് പേരുകേട്ട ഈ മണ്ണില്‍ കഴിഞ്ഞ മാസം വാളയാറിലും നേരത്തേ അട്ടപ്പാടിയിലുമുണ്ടായ സംഭവങ്ങള്‍ ഏറെ വേദനിപ്പിച്ചു. മനുഷ്യര്‍ക്ക് അറിവ്, വസ്ത്രം, പാര്‍പ്പിടം, സ്വസ്ഥമായ ജീവിതം തുടങ്ങിയവ നല്‍കല്‍ സഹജീവികളുടെ കര്‍ത്തവ്യമാണ്. ഇത്തരം ആവശ്യങ്ങള്‍ എല്ലാവരുടെയും അവകാശമാണ്, നമ്മുടെ ഔദാര്യമല്ല. ഈ നാട് നമ്മുടേത് പോലെ അവരുടേതും കൂടിയാണ്. നമ്മള്‍ ഈ നാട്ടില്‍ സ്വസ്ഥതയും സമാധാനവും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് അവര്‍ക്കും അവകാശമുണ്ട്. അഭിപ്രായ, മത, ജീവിത സ്വാതന്ത്ര്യം ജന്മാവകാശങ്ങളാണ്. അതേക്കുറിച്ച് അറിയാത്തവര്‍ക്ക് അവബോധം നല്‍കാന്‍ നമുക്ക് ബാധ്യതയുണ്ട്. അവകാശങ്ങളെ കുറിച്ചറിയാന്‍ നമ്മെപ്പോലെ അവര്‍ക്കും അര്‍ഹതയുണ്ട്.

മണ്ണുപുരണ്ട മനുഷ്യരെ നാം ആദരിക്കണം. അവര്‍ പണിയെടുക്കുന്നത് കൊണ്ടാണ് നാം അന്നമുണ്ണുന്നത്. അവരോട് അക്രമം കാണിക്കരുത്. മനുഷ്യര്‍ക്ക് ഈ മണ്ണില്‍ അന്തസ്സോടെ ജീവിക്കാന്‍ കഴിയണം. മനുഷ്യനെ വംശീയമായി വേര്‍തിരിക്കുന്ന ഒന്നും നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലെന്നും കാന്തപുരം ഓര്‍മപ്പെടുത്തി. കേരളത്തിന്റെ നെല്ലറയായ പാലക്കാട് കേരളത്തിന് അന്നം തരുന്ന നാടാണ്. ഇവിടുത്തെ കര്‍ഷകരെ നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചും വില വേഗത്തില്‍ നല്‍കിയും സര്‍ക്കാര്‍ സഹായിക്കണമെന്നും കാന്തപുരം ഉസ്താദ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!