KSDLIVENEWS

Real news for everyone

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും നാടിന്റെ വിഷം: വർഗീയതയ്ക്കെതിരേ വിശ്വാസികളെ ഒപ്പംനിർത്തി പോരാടും; എം.വി. ഗോവിന്ദൻ

SHARE THIS ON

തിരുവനന്തപുരം: മതനിരപേക്ഷ കേരളത്തെ വർഗീയവത്കരിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ ജനകീയ മുന്നേറ്റത്തിന് സിപിഎം ഒരുങ്ങുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30-ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വലിയ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. മതവിശ്വാസവും വർഗീയതയും തമ്മിലുള്ള വ്യത്യാസം ഗാന്ധിയും ഗോഡ്സേയും തമ്മിലുള്ള വ്യത്യാസമാണെന്ന് എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

യഥാർത്ഥ വിശ്വാസിയായ ഗാന്ധിയെ വർഗീയവാദിയായ ഗോഡ്സേ കൊലപ്പെടുത്തുകയായിരുന്നു. നാടിന്റെ വിഷമായ ആർ.എസ്.എസിനെയും ജമാഅത്തെ ഇസ്ലാമിയെയും ഒരുപോലെ എതിർക്കും. വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ വിശ്വാസികളെക്കൂടി അണിനിരത്തുമെന്നും ഗോവിന്ദൻ അറിയിച്ചു. ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. ‘ഒരാശയം മനുഷ്യ മസ്തിഷ്‌കത്തിലേക്ക് പ്രവേശിച്ചാൽ ആ ആശയത്തിന് ദശലക്ഷക്കണക്കിന് മനുഷ്യരുമായി കണ്ണിചേർക്കാനായാൽ ആശയം കേവലമായ ആശയമായിട്ട് നിൽക്കുകയല്ല ചെയ്യുക. അത് പ്രതിപ്രവർത്തിക്കാൻ ശേഷിയുള്ള ഭൗതികശേഷിയായി മാറും. അതാണ് സാമൂഹിക വികാസത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട നിയമം’.

ജമാഅത്തെ ഇസ്ലാമി ഒരു തീവ്രവാദ സംഘടനയാണെന്നും ഇസ്ലാമിക രാഷ്ട്ര സ്ഥാപനമാണ് അവരുടെ ലക്ഷ്യമെന്നും 2014-ൽ ഉമ്മൻചാണ്ടി സർക്കാർ തന്നെ കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുള്ളതാണ്. അന്ന് ജമാഅത്തിനെ നിരോധിക്കുമെന്ന് പറഞ്ഞവർ ഇന്ന് അവരുമായി സഖ്യത്തിലാണ്. ഈ സഖ്യത്തിന്റെ ശില്പി പി.കെ. കുഞ്ഞാലിക്കുട്ടി ആ സർക്കാരിലെ രണ്ടാമനായിരുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു.

വന്യമൃഗശല്യം പരിഹരിക്കുന്നതിനായി സർക്കാർ കൊണ്ടുവന്ന നിയമം മാസങ്ങളായി ഗവർണർ തടഞ്ഞുവെച്ചിരിക്കുകയാണ്. ജനവാസ കേന്ദ്രങ്ങളിലെ സുരക്ഷയെ ബാധിക്കുന്ന ഈ വിഷയത്തിൽ ഗവർണർ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ യുഡിഎഫ് മൗനം പാലിക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു.

തന്ത്രിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, എസ്.ഐ.ടി അന്വേഷണം ശരിയായ ദിശയിലാണെന്നും കുറ്റവാളികൾ ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് അന്വേഷണത്തിൽ സർക്കാരിന് യാതൊരു ഉത്കണ്ഠയുമില്ലെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!