രാജ്യത്തെ നഗരങ്ങളിൽ 44 ശതമാനത്തിലും സ്ഥിരം വായുമലിനീകരണം

ന്യൂഡൽഹി: രാജ്യത്തെ നഗരങ്ങളിൽ 44 ശതമാനവും ദീർഘകാല വായുമലിനീകരണപ്രശ്നം നേരിടുന്നതായി സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (സിആർഇഎ). ഇന്ത്യയിലെ 4041 നഗരങ്ങളിൽ നടത്തിയ പഠനത്തിൽ 1787 എണ്ണത്തിലും വായുമലിനീകരണം സ്ഥിരമാണ്. ഇത്രയും ഗുരുതരമായി മലിനീകരണമുള്ള നഗരങ്ങളിൽ വെറും നാലുശതമാനത്തിൽ മാത്രമാണ് ദേശീയ ശുദ്ധവായു പദ്ധതി (എൻസിഎപി) സർക്കാർ നടപ്പാക്കുന്നതെന്ന് സിആർഇഎയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, ഏലൂർ, കോഴിക്കോട്, കണ്ണൂർ പ്രദേശങ്ങളാണ് പഠനത്തിന് തിരഞ്ഞെടുത്തതെങ്കിലും ഇവിടെയൊന്നും സ്ഥിരം മലിനീകരണം കണ്ടെത്തിയില്ല. ഉപഗ്രഹ ഡേറ്റ അടിസ്ഥാനമാക്കിയാണ് പിഎം 2.5 നിലവാരം സിആർഇഎ വിലയിരുത്തിയത്.
2019 മുതൽ 2024 വരെയുള്ള (കോവിഡ് ബാധിച്ച 2020 ഒഴികെ) അഞ്ചുവർഷങ്ങളിൽ 1787 നഗരങ്ങൾ തുടർച്ചയായി ദേശീയ വാർഷിക പിഎം 2.5 പരിധി ലംഘിച്ചു.
2025-ലെ കണക്കുപ്രകാരം മേഘാലയയിലെ ബിർണിഹട്ട്, ഡൽഹി, ഉത്തർപ്രദേശിലെ ഗാസിയാബാദ് എന്നിവയാണ് ഏറ്റവും മലിനീകരണമുള്ള നഗരങ്ങൾ. എൻസിഎപി വെറും 130 നഗരങ്ങളിൽ മാത്രമാണുള്ളത്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ മലിനമായ നഗരങ്ങളുള്ളത്- 416. രാജസ്ഥാൻ- 158, ഗുജറാത്ത്- 152, മധ്യപ്രദേശ്- 143, പഞ്ചാബും ബിഹാറും- 136, പശ്ചിമബംഗാൾ- 124 എന്നിവയാണ് പിന്നിൽ.
രാജ്യത്തിന്റെ വായുഗുണനിലവാരം മോശമാണെന്നാണ് ഇതിലൂടെ വ്യക്തമായതെന്ന് മുൻ പരിസ്ഥിതി മന്ത്രിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ ജയറാം രമേഷ് പറഞ്ഞു.

