കോഴിക്കോട്ട് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം: അപകടം പുലർച്ചെ; രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം. രണ്ട് കാർ യാത്രികരും പിക്കപ്പ് വാൻ ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 2.50-നാണ് അപകടമുണ്ടായത്. പിക്കപ്പിന്റെ ക്ലീനർ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കുണ്ട്.
കൊടുവള്ളി വാവാട് സ്വദേശി നിഹാൽ (27), ഈങ്ങാപ്പുഴ സ്വദേശി സുബിക്ക്, വയനാട് പൊയ്തന സ്വദേശി സമീർ എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ പിക്കപ്പിലെ സഹയാത്രികനായ പൊയ്തന സ്വദേശി സഫീഖ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കൊടുവള്ളി ഭാഗത്തേക്ക് പുറപ്പെടുകയായിരുന്ന കാറും കുന്ദമംഗലം ഭാഗത്തേക്ക് പുറപ്പെട്ട പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. മരിച്ച കാർ യാത്രികരിൽ ഒരാൾ ഈങ്ങാപ്പുഴ സ്വദേശിയും മറ്റൊരാൾ കൊടുവള്ളി വാവാട് സ്വദേശിയുമാണെന്നാണ് വിവരം. പിക്കപ്പ് വാനിന്റെ ഡ്രൈവർ വയനാട് സ്വദേശിയുമാണ്.
അപകടത്തിനു പിന്നാലെ വെള്ളിമാടുകുന്നുനിന്ന് അഗ്നിരക്ഷാസേനയെത്തി ഹൈഡ്രോളിക് കട്ടർ ഉൾപ്പെടെ ഉപയോഗിച്ച് വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് കാർ യാത്രികരെ പുറത്തെടുത്തത്. കാബിൻ വെട്ടിപ്പൊളിച്ചാണ് പിക്കപ്പിന്റെ ഡ്രൈവറെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

