KSDLIVENEWS

Real news for everyone

ഗൾഫിൽ യുദ്ധ ഭീതി കനക്കുന്നതിനിടെ ഇറാൻ ആക്രമണ നിലപാട്​ മയപ്പെടുത്തി ​യുഎസ്; ഇറാനിൽ നിന്നുള്ള പൗരന്മാരോട്​ ഉടൻ മടങ്ങാൻ നിർദേശിച്ച്​ ഇന്ത്യ

SHARE THIS ON

ദുബൈ: ഇറാനിൽ പ്രക്ഷോഭകർക്ക് പിന്തുണയുമായി ഉടൻ രംഗത്തു വരുമെന്ന പ്രഖ്യാപനം സൃഷ്ടിച്ച യുദ്ധഭീതിക്കിടെ,നിലപാട് മയപ്പെടുത്തി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. അർധരാത്രി നടത്തിയ പ്രതികരണത്തിലാണ് പ്രക്ഷോഭകരെ കൊന്നൊടുക്കുന്നതും തൂക്കിലേറ്റുന്നതും ഇറാൻ നിർത്തി വെച്ചതായി വിവരം ലഭിച്ചെന്ന് ട്രംപ് വെളിപ്പെടുത്തിയത്.

സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ തൂക്കിലേറ്റുന്നത് നിർത്തി വെച്ച കാര്യം താൻ ഉറപ്പു വരുത്തുമെന്നും ട്രംപ് പ്രതികരിച്ചു. സർക്കാർ സ്ഥാപനങ്ങൾ കൈയേറണമെന്നും യുഎസ് സഹായം ആസന്നമാണെന്നും നേരത്തെ ട്രംപ് പ്രക്ഷോഭകർക്ക് ഉറപ്പ് നൽകിയിരുന്നു. ആക്രമിച്ചാൽ യുഎസ് സൈനികകേന്ദ്രങ്ങൾക്ക് നേരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകി. ഇതോടെ സംഘർഷം കനത്തു. തങ്ങളുടെ മണ്ണിലെ സൈനിക കേന്ദ്രങ്ങള്‍ ഉപയോഗിച്ച് ഇറാനെ ആക്രമിക്കാൻ പാടില്ലെന്ന ഗൾഫ്രാജ്യങ്ങളുടെ നിലപാട് തിരക്കിട്ട സൈനിക നടപടിയിൽ നിന്ന് മാറി ചിന്തിക്കാൻ അമേരിക്കയെ പ്രേരിപ്പിച്ചതായും റിപ്പോർട്ടുണ്ട്.

എന്നാൽ സംഘർഷ സാഹചര്യം തുടരുന്നതിനിടെ, പശ്ചിമേഷ്യയിലെ സുപ്രധാന യുഎസ് വ്യോമതാവളങ്ങളിൽ നിന്ന് സൈനികരെ പിൻവലിച്ചു. മുൻകരുതലുകളുടെ ഭാഗമായാണ് സൈനിക പിന്മാറ്റമെന്ന് മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഇറാനിൽ യുഎസ് ആക്രമണമുണ്ടാകുന്ന പക്ഷം അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. പശ്ചിമേഷ്യയിലെ യുഎസിന്‍റെ ഏറ്റവും വലിയ സൈനിക ആസ്ഥാനം ഖത്തറിലെ അൽ ഉദൈദാണ്. 10,000 ഓളം സൈനികരുള്ള മേഖലയിലെ ഏറ്റവും വലിയ യുഎസ് താവളം കൂടിയാണ് ഉദൈദ്.

കഴിഞ്ഞവർഷം ഇറാൻ ആക്രമണത്തിന് മുമ്പും ഇവിടെനിന്ന് സൈനികരെ വൻതോതിൽ മാറ്റിയിരുന്നു. മിക്ക വിദേശ വിമാന കമ്പനികളും ഇറാനിലേക്കും തിരിച്ചുമുള്ള സർവീസുകൾ നിർത്തി. പൗരന്മാരോട് ഉടൻ ഇറാൻ വിടാൻ ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങൾ നിർദേശിച്ചു. ഏതു സാഹചര്യവും നേരിടാൻ സൈന്യത്തിന് ഇസ്രായേൽ നിർദേശം നൽകി. ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ യുഎസ് ഇടപെടൽ അംഗീകരിക്കാനാകില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉടൻ ആക്രമിക്കാനുള്ള ട്രംപ് ഭരണകൂട നീക്കം തൽക്കാലം നിർത്തിവെക്കണമെന്ന് അറബ് രാജ്യങ്ങളും യുഎസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!