KSDLIVENEWS

Real news for everyone

ചട്ടഞ്ചാലിൽ ബിഎംഡബ്ല്യു കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് മംഗളൂരുവിലെ ബിസിനസ് പാർട്‌ണർമാർ; അപകടം ബിസിനസ് ആവശ്യവുമായുള്ള മടക്ക യാത്രയിൽ

SHARE THIS ON

കാസർകോട്: ചട്ടഞ്ചാൽ, തെക്കിൽപ്പറമ്പ്, 55-ാം മൈലിൽ തിങ്കളാഴ്‌ച രാത്രി പത്തുമണിയോടെ ഉണ്ടായ അപകടത്തിൽ മരണപ്പെട്ടത് മംഗ്ളൂരുവിലെ ബിസിനസ് പാർട്‌ണർമാർ. ഉള്ളാൾ, സജിപ്പനാട് ലക്ഷ്‌മണക്കട്ടയിലെ പരേതനായ മുഹമ്മദ്-റുഖിയ ദമ്പതികളുടെ മകൻ ഹാഷിഫ് മുഹമ്മദ് (41), ദേർളക്കട്ട, നാട്ടക്കല്ലിലെ അക്ബർ മൻസിലിലെ അബ്ബാസ്-മറിയുമ്മ ദമ്പതികളുടെ മകൻ മുഹമ്മദ് ഷെഫീഖ് (23) എന്നിവരാണ് മരണപ്പെട്ടത്. ഇവരുടെ കൂടെ ബിഎംഡബ്ല്യു കാറിൽ യാത്ര ചെയ്യുകയായിരുന്ന ഇസാം,റിയാസ് എന്നിവരെ പരിക്കേറ്റ നിലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. നാലു ദിവസം മുമ്പാണ് ബിസിനസ് പാർട്‌ണർമാരായ നാലുപേരും ബിസിനസ് ആവശ്യാർത്ഥം വയനാട്ടിലേക്ക് പോയത്. മടക്കയാത്രയിൽ 55-ാം മൈലിലെത്തിയപ്പോൾ എതിരെ വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. വിവരമറിഞ്ഞെത്തിയ മേൽപ്പറമ്പ് പൊലീസും ഫയർഫോഴ്‌സും കാർ വെട്ടിപ്പൊളിച്ചാണ് അകത്തു കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
എന്നാൽ രണ്ടു പേരെ രക്ഷിക്കാൻ കഴിഞ്ഞില്ല. ജനറൽ ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടു പോകും. മിസ് രിയയാണ് ഹാഷിഖ് മുഹമ്മദിന്റെ ഭാര്യ. മക്കൾ: ഐമാൻ, അസൂറ. സഹോദരങ്ങൾ: ഹംസ, അയൂബ്, ലത്തീഫ്, അൽത്താഫ്, ആയിഷ, അസ്മ, അഫ്സ. മുഹമ്മദ് ഷെഫീഖിന്റെ സഹോദരങ്ങൾ:സിദ്ദിഖ് അക്ബർ, ആയിഷ, സാജിദ, സാഹിന.

error: Content is protected !!