അച്ഛാ, അജിത് പവാറിനൊപ്പം ബാരാമതിയിലേക്ക്, നാളെ സംസാരിക്കാം’; വിമാനത്തിലെ എയർ ഹോസ്റ്റസ് പിങ്കി പിതാവിനോട് അവസാനമായി പറഞ്ഞു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ വിമാനം തകർന്ന് മരിച്ചുവെന്ന വാർത്ത നടുക്കത്തോടെയാണ് രാജ്യം കേട്ടത്. ബാരാമതിയിൽ അടിയന്തര ലാൻഡിങ്ങിനിടെയാണ് വിമാനം തകർന്ന് വീണ് പൂർണമായും കത്തിയമർന്നത്. ബുധനാഴ്ച രാവിലെ 08:10-ന് മുംബൈയിൽനിന്ന് പുറപ്പെട്ട വിമാനം 08:49-ഓടെയാണ് അപകടത്തിൽ പെട്ടത്.
ചാർട്ടർ ചെയ്ത ചെറുവിമാനത്തിലാണ് അജിത് പവാർ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ചിരുന്നത്. ഡൽഹി ആസ്ഥാനമായുള്ള വിഎസ്ആർ വെഞ്ച്വേഴ്‌സ് എന്ന സ്വകാര്യ ഏവിയേഷൻ സ്ഥാപനത്തിന്റെ വിമാനമാണ് തകർന്നുവീണത്. ലിയർജെറ്റ് 45 എന്ന മോഡൽ വിമാനമാണ് അപകടത്തിൽ പെട്ടത്. അതിനിടെ, വിമാനത്തിലുണ്ടായിരുന്ന എയർ ഹോസ്റ്റസ് പിങ്കി മാലിയുടേയും പിതാവ് ശിവകുമാർ മാലിയുടെയും അവസാനത്തെ ഫോൺ സംഭാഷണം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
‘അച്ഛാ, ഞാൻ അജിത് പവാറിനൊപ്പം ബാരാമതിയിലേക്ക് പോകുന്നു. അദ്ദേഹത്തെ അവിടെ ഇറക്കിയ ശേഷം നന്ദഡിലേക്ക് പോകും. നാളെ സംസാരിക്കാം.’ മുംബൈ വർളി സ്വദേശിനിയായ പിങ്കി പിതാവിനോട് പറഞ്ഞു. ജോലി പൂർത്തിയായതിന് ശേഷം സംസാരിക്കാമെന്ന് മകളോട് ശിവകുമാർ പറഞ്ഞു. ‘ജോലി പൂർത്തിയാക്കി നാളെ സംസാരിക്കാമെന്ന് ഞാൻ മകളോട് പറഞ്ഞു. എന്നാൽ, ആ നാളെ ഇനി ഒരിക്കലും വരില്ല.’ ശിവകുമാർ പറഞ്ഞു.
മകളുടെ മൃതദേഹം തനിക്ക് വേണമെന്ന് ശിവകുമാർ പറഞ്ഞു. ‘എനിക്കെന്റെ മകളെ നഷ്ടപ്പെട്ടു. സാങ്കേതികമായ അറിവില്ലാത്തതുകൊണ്ട് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. പൂർണമായും തകർന്നിരിക്കുകയാണ് ഞാൻ. മകളുടെ മൃതദേഹം എനിക്ക് വേണം. അന്തസ്സോടെ സംസ്കരിക്കാൻ സാധിക്കണമെന്നതാണ് എന്റെ ഏക ആഗ്രഹം.’ അദ്ദേഹം കൂട്ടിച്ചേർത്തു.

