ടേബിൾടോപ് റൺവേ: അപകടകാരണം കാഴ്ചക്കുറവെന്ന് സൂചന; എടിസി നിയന്ത്രണം വ്യോമസേന ഏറ്റെടുത്തു

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ ബാരാമതിയിലെ വിമാനാപകടത്തിനു കാരണം കനത്തമൂടൽമഞ്ഞിൽ കാഴ്ച കുറഞ്ഞതെന്നു സൂചന. ചാർട്ടർ ഫ്ലൈറ്റുകളും മെഡിക്കൽ എമർജൻസി സേവനങ്ങളും നൽകിവരുന്ന വി.എസ്.ആർ. വെഞ്ചേഴ്സിന്റെ ലിയർജെറ്റ് 45 (വി.ടി.-എസ്.എസ്.കെ.) വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ടേബിൾടോപ് രീതിയിലുള്ള റൺവേയാണ് ബാരാമതിയിലേത്. ഇത്തരം വിമാനത്താവളങ്ങളിൽ കാഴ്ച കുറവായിരിക്കുന്ന സമയത്ത് ഇറങ്ങുമ്പോൾ അപകടസാധ്യത കൂടുതലാണ്. അപകടത്തെ തുടർന്ന് വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺേട്രാൾ(എടിസി) നിയന്ത്രണം വ്യോമസേന ഏറ്റെടുത്തു. സർക്കാരിന്റെ അഭ്യർഥനയെ തുടർന്നാണ് വ്യോമസേന എയർ ട്രാഫിക് കൺ?േട്രാൾ ടീമിനെ വിന്യസിച്ചത്. ഡി.ജി.സി.എ., എയർ ക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും അന്വേഷണം തുടങ്ങി.
കനത്തമൂടൽമഞ്ഞിൽ ഇറങ്ങാൻ ശ്രമിക്കുമ്പോൾ താഴ്ന്ന ഉയരത്തിൽ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായി നിലത്തിടിച്ച് അപകടമുണ്ടാകുകയായിരുന്നെന്നാണ് ഡി.ജി.സി.എ.യുടെ പ്രാഥമിക നിഗമനം. ഈ സമയത്ത് പുണെ-ബാരാമതി മേഖലയിൽ കടുത്ത മൂടൽമഞ്ഞുണ്ടായിരുന്നു. ഈ വിമാനത്താവളത്തിൽ ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മാനുവൽ രീതിയിൽമാത്രമേ ഇറങ്ങാനാകൂ.
ആദ്യ ശ്രമത്തിൽ വിമാനം കൃത്യമായി റൺവേയിലേക്കെത്തിയില്ല. തുടർന്ന് വെട്ടിത്തിരിഞ്ഞ് പറന്നുയർന്നു. രണ്ടാംശ്രമത്തിൽ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിലേക്ക് അടിയന്തരാവസ്ഥയെ സൂചിപ്പിക്കുന്ന സന്ദേശം അയച്ചതായി റിപ്പോർട്ടുണ്ട്.
രണ്ടാം ശ്രമത്തിൽ 100 അടി ഉയരത്തിൽവെച്ച് നിയന്ത്രണം നഷ്ടമായി വിമാനം റൺവേക്ക് മുൻപായി നിലത്തിടിച്ചുവീണ് തീപടർന്ന് പൊട്ടിത്തെറിച്ചു. ഉടൻ വിമാനത്താവള, സുരക്ഷാ ജീവനക്കാർ എത്തിയെങ്കിലും വലിയതീ രക്ഷാപ്രവർത്തനം വൈകിച്ചു.

