KSDLIVENEWS

Real news for everyone

ആക്രമിച്ചാൽ ശക്തമായ തിരിച്ചടി: ഇറാൻ സജ്ജമാണെന്ന് വിദേശകാര്യമന്ത്രി; ട്രംപിന് മറുപടി

SHARE THIS ON

ടെഹ്‌റാൻ: യുഎസിൽനിന്ന് ഏതെങ്കിലും രീതിയിലുള്ള സൈനിക നടപടികളുണ്ടായാൽ അതിന് ശക്തമായ തിരിച്ചടി നൽകാൻ ഇറാൻ സജ്ജമാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇറാൻ വിദേശകാര്യ മന്ത്രി നിലപാട് വ്യക്തമാക്കിയത്. അതേസമയം, ഭീഷണികൾക്ക് വഴങ്ങില്ലെങ്കിലും തുല്യമായ പരിഗണന ഉറപ്പാക്കുന്ന, നീതിയുക്തമായ ആണവകരാറിനെ ഇറാൻ എല്ലായ്‌പ്പോഴും സ്വാഗതംചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ധീരരായ സായുധസേനാംഗങ്ങൾ സജ്ജരാണ്. ഇറാനെതിരേ കര, കടൽ, ആകാശം എന്നിങ്ങനെ ഏതുമാർഗത്തിലൂടെയും എന്തെങ്കിലും ആക്രമണമുണ്ടായാൽ ഉടനടി ശക്തമായ പ്രതികരണമുണ്ടാകും. അതേസമയം, പരസ്പരം പ്രയോജനകരമായ, നീതിയുക്തമായ ഒരു ആണവകരാറിനെ ഇറാൻ എല്ലായ്‌പ്പോഴും സ്വാഗതംചെയ്തിട്ടുണ്ട്. ഭീഷണിയില്ലാതെ, ബലപ്രയോഗങ്ങളില്ലാതെ തുല്യപരിഗണനയുള്ള കരാറാകണം. സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള ഇറാന്റെ അവകാശം കരാറിൽ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ ആണവനിർവ്യാപന കരാറിലെത്തിയില്ലെങ്കിൽ ഇറാനെതിരേ മറ്റൊരു രൂക്ഷമായ ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. സമയം അതിക്രമിച്ചിരിക്കുകയാണെന്നും ഇറാൻ എത്രയും വേഗം മേശയ്ക്ക് മുന്നിലെത്തി ന്യായവും നീതിയുക്തവുമായ ഒരു കരാർ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഎസിന്റെ കപ്പൽവ്യൂഹം ഇറാനിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!