ഖത്തറിലെ അൽ ഉദൈദ് സൈനിക താവളത്തിൽ മിസൈലുകൾ വിന്യസിച്ച് അമേരിക്ക; സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്

പശ്ചിമേഷ്യയിൽ ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ, ഖത്തറിലെ അൽ ഉദൈദ് എയർ ബേസിൽ അമേരിക്ക അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വിന്യസിക്കുന്നതായി റിപ്പോർട്ട്. ചൈനയുടെ മിസാർവിഷൻ ഉപഗ്രഹങ്ങൾ പകർത്തിയ ചിത്രങ്ങൾ ആധാരമാക്കി ‘ദോഹ ന്യൂസ്’ ആണ് വാർത്ത പുറത്തുവിട്ടത്.
അൽ ഉദൈദ് സൈനിക താവളത്തിൽ അമേരിക്കയുടെ ‘പേട്രിയറ്റ്’ മിസൈൽ പ്രതിരോധ സംവിധാനങ്ങളാണ് വിന്യസിച്ചിരിക്കുന്നത്. ഇതിൽ മിസൈൽ ലോഞ്ചറുകൾ, റഡാർ യൂണിറ്റുകൾ, സപ്പോർട്ട് വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്നു.
ജനുവരി 23 വരെയുള്ള ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ച ഈകാദ് ഏജൻസി, അന്ന് വരെ ഇത്തരം സംവിധാനങ്ങൾ അവിടെ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി. അതുകൊണ്ട് തന്നെ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ഈ രഹസ്യ വിന്യാസം നടന്നതെന്ന് കരുതപ്പെടുന്നു.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളമാണ് ഖത്തറിലെ അൽ ഉദൈദ്. ഇറാനുമായി നിലനിൽക്കുന്ന കടുത്ത സംഘർഷ സാഹചര്യത്തിൽ തങ്ങളുടെ പ്രധാന കേന്ദ്രങ്ങൾക്ക് സുരക്ഷയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയുടെ നീക്കം. നേരത്തെ, 12 ദിന യുദ്ധത്തിൽ ഇതേ താവളം ഇറാൻ ആക്രമിക്കുകയും ചെയ്തിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാൻ തീരത്തേക്ക് വൻ കപ്പൽപ്പടയെ അയക്കുകയും, ഇതിന് മറുപടിയായി ആയിരം യുദ്ധ ഡ്രോണുകൾ വിന്യസിച്ചതായി ഇറാൻ പ്രഖ്യാപിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് പുതിയ സൈനിക വിന്യാസം എന്നതും ശ്രദ്ധേയമാണ്. ഗൾഫ് മേഖലയിൽ ഏത് നിമിഷവും ഒരു സൈനിക ഏറ്റുമുട്ടൽ ഉണ്ടായേക്കാം എന്ന ഭീതിയിലാണ് ലോകരാജ്യങ്ങൾ.

