ആയിരങ്ങൾക്ക് തലചായ്ക്കാൻ ഇടമൊരുക്കിയ ‘കോൺഫിഡന്റ്’ നായകൻ: ‘വിശ്വാസം’ ബാക്കിവച്ച് റോയിയുടെ മടക്കം; നടുക്കം മാറാതെ പ്രവാസ ലോകം

ദുബായ്/ബെംഗളൂരു: ജീവിതത്തിന് സ്വയം പൂർണവിരാമമിടുന്ന പ്രവാസി മലയാളി ബിസിനസുകാരുടെ കൂട്ടത്തിലേയ്ക്ക് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഒരാൾ കൂടി. ആയിരക്കണക്കിന് ആളുകൾക്ക് തലചായ്ക്കാൻ വീടൊരുക്കിയ ‘കോൺഫിഡന്റ്’ നായകൻ ഒടുവിൽ ജീവിതത്തിൽ നിന്ന് മടങ്ങി. കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയി ബെംഗളൂരുവിലെ കോൺസൽ ഓഫിസിൽ സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയ വാർത്ത വിശ്വസിക്കാനാവാതെ വിറങ്ങലിച്ചു നിൽക്കുകയാണ് ബിസിനസ്-പ്രവാസ ലോകം. ഇന്നലെ(വെള്ളി) വൈകിട്ടോടെയായിരുന്നു ഏവരെയും ഞെട്ടിച്ച ആ വാർത്ത പുറത്തുവന്നത്.
∙ ചിന്നിച്ചിതറിയത് വലിയ സ്വപ്നങ്ങൾ
മലയാളിക്ക് സുപരിചിതമായ കോൺഫിഡന്റ് ഗ്രൂപ്പിനെ ദക്ഷിണേന്ത്യയിലെ വമ്പൻ സാമ്രാജ്യമാക്കി മാറ്റിയ റോയ്, റിയൽ എസ്റ്റേറ്റിന് പുറമെ സിനിമ, വിനോദം, വ്യോമയാനം എന്നീ മേഖലകളിൽ തന്റെ മുദ്ര പതിപ്പിച്ചിരുന്നു. സിനിമ നിർമാണത്തിലും വലിയ സാന്നിധ്യമായിരുന്ന അദ്ദേഹം, പലപ്പോഴും പ്രതിസന്ധികളിൽ തളരാത്ത പോരാളിയായാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ, എല്ലാ പോരാട്ടങ്ങളും അവസാനിപ്പിച്ച് അദ്ദേഹം മടങ്ങിയത് എന്തിനെന്ന ചോദ്യത്തിന് മുന്നിൽ ഉറ്റവരും സുഹൃത്തുക്കളും പകച്ചുനിൽക്കുന്നു.
അടുത്ത കാലത്തായി ബിസിനസ് രംഗത്തുണ്ടായ ചില സാമ്പത്തിക സമ്മർദ്ദങ്ങളും നിയമപരമായ നൂലാമാലകളും അദ്ദേഹത്തെ അലട്ടിയിരുന്നതായി പറയപ്പെടുന്നു. ഗൾഫിലും നാട്ടിലും ഒരേപോലെ ബിസിനസ് പടർത്തിയ അദ്ദേഹം, പ്രതിസന്ധികളെ നേരിടാൻ എപ്പോഴും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. പ്രവാസ ലോകത്തിന് വലിയൊരു അത്താണിയായിരുന്ന ഒരു കരുത്തുറ്റ വ്യക്തിത്വത്തിന്റെ അപ്രതീക്ഷിത വിയോഗം കേരളത്തിന് നികത്താനാവാത്ത നഷ്ടമാണ്.
‘വിശ്വാസം, അത് തന്നെയാണ് ബിസിനസ്’— സി.ജെ. റോയിയുടെ ഈ വാക്കുകളിൽ ഒരു വലിയ വിജയചരിത്രമുണ്ട്. വെറും കയ്യോടെ ബെംഗളൂരുവിലെത്തി ദക്ഷിണേന്ത്യയിലെയും ദുബായിലെയും റിയൽ എസ്റ്റേറ്റ് ഭൂപടം മാറ്റിമറിച്ച ഈ തൃശൂർക്കാരന്റെ ജീവിതം ഏതൊരു മലയാളി യുവാവിനും ആവേശം നൽകുന്നതാണ്. പഠനത്തിന് ശേഷം മെക്കാനിക്കൽ എൻജിനീയറായി കരിയർ തുടങ്ങിയ റോയ്, പിന്നീട് വിദേശത്തേക്ക് തിരിച്ചു. എന്നാൽ ഒരു സാധാരണ ശമ്പളക്കാരനായി ഒതുങ്ങിക്കൂടാൻ അദ്ദേഹം തയാറല്ലായിരുന്നു. ബിസിനസ് മോഹവുമായി ബെംഗളൂരുവിൽ മടങ്ങിയെത്തിയ അദ്ദേഹം 2006-ലാണ് ‘കോൺഫിഡന്റ് ഗ്രൂപ്പ്’ സ്ഥാപിക്കുന്നത്.
വിശ്വാസം, അത് തന്നെയാണ് ബിസിനസ്
കൃത്യസമയത്ത് വീടുകൾ കൈമാറുന്നതിലെ വിശ്വസ്തതയും ഗുണമേന്മയും അദ്ദേഹത്തിന്റെ സ്ഥാപനത്തെ പെട്ടെന്ന് തന്നെ ജനപ്രിയമാക്കി. ദുബായിലും നാട്ടിലുമായി തന്റെ പുതിയ പ്രോജക്ടുകളുടെ പ്രവർത്തനം നടന്നുകൊണ്ടിരിക്കെയാണ് അദ്ദേഹം വിടപറഞ്ഞത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഗ്രൂപ്പിന്റെ പുതിയ പ്രോജക്ടുകളിലൊന്നായ കോൺഫിഡന്റ് പ്രസ്റ്റണിന് ദുബായ് ലിവാനിൽ തറക്കല്ലിട്ടു.
യുഎഇയിൽ വിവിധയിടങ്ങളിൽ റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് സ്ഥലം വാങ്ങിയിട്ടുണ്ടെന്നും കേരളത്തിലും ഒട്ടേറെ പദ്ധതിയുമായി മുന്നോട്ടു പോവുകയാണെന്നും അന്ന് സി.ജെ റോയ് ആത്മവിശ്വാസത്തോടെ മാധ്യമങ്ങളോട് പറഞ്ഞു. ആഡംബരം, നവീനത, സാമൂഹിക മൂല്യങ്ങൾ എന്നിവ സംയോജിപ്പിക്കുന്ന മികച്ച താമസ സൗകര്യങ്ങൾ ഒരുക്കുക എന്ന കാഴ്ചപ്പാടാണ് കോൺഫിഡന്റ് ഗ്രൂപ്പിനെ മുന്നോട്ട് നയിക്കുന്നത്. വിപണിയിൽ മികവും സുസ്ഥിരതയും നൽകാനുള്ള തങ്ങളുടെ പ്രതിബദ്ധതുയുടെ തെളിവാണ് കോൺഫിഡന്റ് പ്രിസ്റ്റൺ.
ഗ്രൂപ്പിന്റെ മുൻ പദ്ധതിയായ കോൺഫിഡന്റ് ലാൻകോസ്റ്റൺ നിശ്ചയ സമയത്തിന് മുൻപായി 11 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കി കൈമാറിയിരുന്നു. മകനും ഗ്രൂപ്പിന്റെ ദുബായ് മാനേജിങ് ഡയറക്ടറുമായ രോഹിത് റോയിയാണ് നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. പ്രതീക്ഷകളെ മറികടക്കാൻ രൂപകൽപന ചെയ്തതാണ് കോൺഫിഡന്റ് പ്രിസ്റ്റണെന്നെന്ന് അദ്ദേഹം പറഞ്ഞു. ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാതെ കൃത്യസമയത്ത് തന്നെ പദ്ധതികൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ 16 മാസത്തിനുള്ളിൽ ഈ സംരംഭം യാഥാർഥ്യമാക്കുമെന്നും പറഞ്ഞു. ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖ വ്യക്തികളും വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു.

