റോയ് സി ജെയുടെ ആത്മഹത്യ: അന്വേഷണം നടത്തുക കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘം; റോയ്‌യുടെ സംസ്‌കാരം ഇന്ന് ബെംഗളൂരുവില്‍

ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ പ്രമുഖ വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. റോയ് സി ജെ ജീവനൊടുക്കിയതില്‍ അന്വേഷണം കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘത്തിന്. ബംഗളൂരുവിലെ ബൗറിങ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ബെംഗളൂരുവില്‍ തന്നെയാകും സംസ്‌കാരം.
സംഭവത്തില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ജീവനക്കാരുടേയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടേയും മൊഴി രേഖപ്പെടുത്തും. ഡിസിപിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തുക. റോയ്‌യുടെ ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി അയയ്ക്കും. മരണകാരണം ആത്മഹത്യ തന്നെ എന്ന് സ്ഥിരീകരിക്കാന്‍ ബാലസ്റ്റിക് ഫോറന്‍സിക് പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.
അതേസമയം ഐടി ഉദ്യോഗസ്ഥര്‍ നിരന്തരമായി റോയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ലീഗല്‍ അഡൈ്വസര്‍ പ്രകാശ് പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. മൂന്നുദിവസമായി റെയ്ഡ് നടക്കുന്നുണ്ട് എന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ഐടി ഉദ്യോഗസ്ഥരില്‍ നിന്നും വിശദാംശങ്ങള്‍ തേടുമെന്നും പൊലീസ് അറിയിച്ചു.

