ഒരു ധാരണയിലെത്താന്‍ ഇറാന്‍ ആഗ്രഹിക്കുന്നു: സൈനിക നടപടി വേണ്ടിവന്നേക്കില്ല; ട്രംപ്

ഇറാന്‍ അമേരിക്കയുമായി ധാരണയിലെത്താന്‍ ആഗ്രഹിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ക്ക് ഇറാന്‍ തയാറാണെന്നും സൈനിക നടപടി ആവശ്യമായി വന്നേക്കില്ലെന്നും ട്രംപ് പറഞ്ഞു. ന്യായവും നീതിയുക്തവുമായ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ തയാറാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചിയും വ്യക്തമാക്കിയതോടെ ഇരുരാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്ന സംഘര്‍ഷ സാധ്യത പയ്യെ അയയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ലെന്നാണ് അബ്ബാസ് അരഘ്ചി വ്യക്തമാക്കിയിരിക്കുന്നത്.
ആണവപദ്ധതി വിഷയം ചര്‍ച്ച ചെയ്യാന്‍ ഇറാന്‍ തയാറാകാത്തപക്ഷം ഇറാനെതിരെ അമേരിക്ക സൈനിക നീക്കം നടത്തുമെന്ന് ട്രംപ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. വിമാനവാഹിനി കപ്പലടക്കം നിരവധി യുദ്ധക്കപ്പലുകള്‍ പശ്ചിമേഷ്യന്‍ തീരത്ത് അമേരിക്ക വിന്യസിച്ചിരിക്കുകയാണ്. അമേരിക്ക ആക്രമിച്ചാല്‍ ഉടനടി അമേരിക്കന്‍ താവളങ്ങളിലേക്കും പടക്കപ്പലുകളിലേക്കും പ്രത്യാക്രമണമുണ്ടാകുമെന്ന് ഇറാനും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിനിടെ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അമേരിക്കയോടും ഇറാനോടും ആവശ്യപ്പെട്ടിരുന്നു.
അതേസമയം കഴിഞ്ഞ വര്‍ഷം അമേരിക്ക ആക്രമണം നടത്തിയ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്കു മേല്‍ ഇറാന്‍ മേല്‍ക്കൂരകള്‍ നിര്‍മ്മിച്ചതായി വെളിപ്പെടുത്തുന്ന ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവന്നു. സെന്‍സിറ്റീവ് വസ്തുക്കള്‍ വീണ്ടെടുക്കുന്നതിനും പുതിയ നിര്‍മ്മാണം ലക്ഷ്യമിട്ടുമാണ് ഇതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.

