കാസറഗോഡ് മെഡിക്കൽ കോളേജ് ഫണ്ട് വകമാറ്റൽ: സർക്കാർ ജനദ്രോഹ നടപടിയിൽ നിന്ന് പിന്മാറണം: ഖത്തർ കെ.എം.സി.സി

കാസർഗോഡ്: കാസറഗോഡ് ജില്ലയിലെ ജനങ്ങളുടെ ദീർഘകാല സ്വപ്നമായ സർക്കാർ മെഡിക്കൽ കോളേജിന്റെ നിർമാണത്തിനായി അനുവദിച്ച ഫണ്ട് മറ്റൊരു സ്ഥാപനത്തിലേക്ക് വകമാറ്റിയ സംസ്ഥാന സർക്കാരിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും ജനദ്രോഹപരവുമാണെന്ന് ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ശക്തമായി അപലപിക്കുന്നു.
വർഷങ്ങളായി ചികിത്സാ സൗകര്യങ്ങളുടെ അഭാവം മൂലം കാസറഗോഡ് ജില്ല അനുഭവിക്കുന്ന ദുരിതങ്ങൾ പരിഹരിക്കാനുള്ള ഏക മാർഗമാണ് സർക്കാർ മെഡിക്കൽ കോളേജ്. എന്നാൽ ജനങ്ങളുടെ ഈ അവകാശത്തെ തന്നെ അവഗണിച്ചുകൊണ്ട് ഫണ്ട് വകമാറ്റിയ സർക്കാർ നടപടി ജില്ലയിലെ ജനങ്ങളോടുള്ള തുറന്ന വഞ്ചനയാണ്.
ആരോഗ്യ മേഖലയെ സംരക്ഷിക്കുമെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുന്ന സംസ്ഥാന സർക്കാർ, പ്രത്യേകിച്ച് ആരോഗ്യ മന്ത്രിയുടെ നിലപാട് അത്യന്തം നിരാശാജനകമാണ്. കാസറഗോഡിനെ വീണ്ടും വീണ്ടും അവഗണിക്കുന്ന ഈ സമീപനം രാഷ്ട്രീയ വിവേചനത്തിന്റെ ഭാഗമാണോ എന്ന് ജനങ്ങൾ സംശയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
മെഡിക്കൽ കോളേജ് വിഷയത്തിൽ കാസറഗോഡ് ജില്ലയിൽ നടക്കുന്ന ജനകീയ സമരങ്ങളെ അവഗണിക്കുകയും, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് പകരം ഫണ്ട് വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയില്ല. ഫണ്ട് ഉടൻ തിരികെ അനുവദിക്കുകയും നിർമാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കുകയുമാണ് സർക്കാർ ചെയ്യേണ്ടത്.
കാസറഗോഡ് ജില്ലയിലെ ജനങ്ങൾ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണ നാകുമെന്ന് ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർപഞ്ചായത്ത് കമ്മിറ്റിപ്രസിഡന്റ് അൻവർകടവത്തും ജനറൽ സെക്രട്ടറി അബ്ദുൽറഹിമാൻ എരിയാൽ മുന്നറിയിപ്പ് നൽകുന്നു.

