കുമ്പള ടോള്‍ ബൂത്ത് പൂട്ടുന്നു: കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ബുധനാഴ്ച; രാഷ്ട്രീയ പോര് മുറുകുന്നു

കാസർകോട്: ജില്ലയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായ കുമ്പള ആരിക്കാടിയിലെ ടോള്‍ ബൂത്ത് അടച്ചുപൂട്ടാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ ഉത്തരവ് ബുധനാഴ്ച പുറത്തിറങ്ങും. ടോള്‍ പിരിവിനെതിരെ പ്രദേശത്ത് ദീർഘനാളായി ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിർണായകമായ ഈ തീരുമാനം പുറത്തുവരുന്നത്. ടോള്‍ ഗേറ്റുകള്‍ നീക്കം ചെയ്യുന്നത് യാത്രക്കാർക്കും പ്രദേശവാസികള്‍ക്കും വലിയ ആശ്വാസമാകും.
അതേസമയം, ടോള്‍ ബൂത്ത് പൂട്ടുന്നതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാൻ രാഷ്ട്രീയ പാർട്ടികള്‍ക്കിടയില്‍ മത്സരം തുടങ്ങിക്കഴിഞ്ഞു. കേന്ദ്രത്തില്‍ ബിജെപി നടത്തിയ ശക്തമായ ഇടപെടലുകള്‍ മൂലമാണ് ടോള്‍ ഒഴിവാക്കിയതെന്ന് ബിജെപി നേതൃത്വം അവകാശപ്പെടുമ്പോള്‍, മഞ്ചേശ്വരം എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന ജനകീയ സമരത്തിന്റെയും നിയമപോരാട്ടത്തിന്റെയും വിജയമാണിതെന്ന് സമരസമിതി പറയുന്നു. തങ്ങളുടെ നിരന്തരമായ പ്രക്ഷോഭത്തിന് മുന്നില്‍ അധികൃതർക്ക് മുട്ടുമടക്കേണ്ടി വന്നതാണെന്നാണ് സമരസമിതിയുടെ വാദം.
ടോള്‍ ഗേറ്റ് പൂർണമായി ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും 48 മണിക്കൂറിനുള്ളില്‍ കുമ്പള ടോള്‍ ബൂത്ത് പൂട്ടുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വനി വ്യക്തമാക്കി.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ നിർദ്ദേശം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് ലഭിച്ചതായാണ് ബിജെപി അവകാശപ്പെടുന്നത്. ടോള്‍ പ്ലാസ ഒഴിവാക്കാനുള്ള കേന്ദ്ര തീരുമാനത്തെ ബിജെപി നേതാവ് കെ സുരേന്ദ്രൻ സ്വാഗതം ചെയ്തു. മഞ്ചേശ്വരം മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്കും അദ്ദേഹം നന്ദി അറിയിക്കുന്നതായി സുരേന്ദ്രൻ ഫെയ്സ്ബുക്കില്‍ കുറിച്ചു.
കുമ്പള ആരിക്കാടിയിലെ ടോള്‍ പിരിവ് കേന്ദ്രം നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ജനകീയ പോരാട്ടത്തിന്റെ ഉജ്ജ്വല വിജയമാണെന്ന് മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്റഫ്. ആരിക്കാടിയില്‍ ദീർഘനാളായി നടന്നുവരുന്ന സമരത്തിന് മുന്നില്‍ കേന്ദ്ര അധികാരികള്‍ക്ക് മുട്ടുമടക്കേണ്ടി വന്നുവെന്നും ഇത് നാടിന്റെ കൂട്ടായ വിജയമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അന്യായമായ ടോള്‍ പിരിവിനെതിരെ മഞ്ചേശ്വരം മണ്ഡലത്തിലെ ജനങ്ങളെ ഒന്നിപ്പിച്ചു കൊണ്ട് ശക്തമായ സമരപരിപാടികളാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്നുവന്നത്. ‘നാം ഒന്നിച്ച് നേടിയ സമരവിജയം’ എന്നാണ് ഈ തീരുമാനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ജനകീയ സമരത്തിന് മുൻപില് മുട്ട് മടക്കാത്ത ഒരു അധികാര കേന്ദ്രവുമില്ലെന്ന് തെളിയിക്കുന്നതാണ് ആരിക്കാടിയിലെ അനുഭവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയപാത അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് സ്ഥാപിച്ച ടോള്‍ ഗേറ്റിനെതിരെ മാസങ്ങളായി പ്രക്ഷോഭം തുടരുകയായിരുന്നു. ഈ സമരങ്ങളില്‍ പങ്കുചേർന്ന മുഴുവൻ സമരഭടന്മാർക്കും അഭിവാദ്യങ്ങള്‍ അർപ്പിക്കുന്നതായും എംഎല്‍എ അറിയിച്ചു
ടോള്‍ പിരിവുമായി ബന്ധപ്പെട്ട കേസില്‍ ഈ മാസം 11-ന് ഹൈക്കോടതി വിധി വരാനിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കം ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. രാഷ്ട്രീയ പകപോക്കലുകളും അവകാശവാദങ്ങളും തുടരുമ്പോഴും ടോള്‍ ബൂത്ത് ഇല്ലാതാകുന്നത് സാധാരണക്കാരായ ജനങ്ങള്‍ക്ക് വലിയ നേട്ടമായി മാറും.

