KSDLIVENEWS

Real news for everyone

സമൂഹമാധ്യമ നിയന്ത്രണം ഭരണഘടനാ പരിധിക്കുള്ളിൽ: നിയന്ത്രണ സമീപനം നിയമപരിധികളിൽ അധിഷ്ഠിതം

SHARE THIS ON

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളുടെയും ഡിജിറ്റൽ ഇടനിലക്കാരുടെയും മേൽ സർക്കാരിനുള്ള നിയന്ത്രണം ഭരണഘടനാപരമായ പരിധിക്കുള്ളിൽ തന്നെയാണെന്ന് കേന്ദ്ര സാങ്കേതികവിദ്യ മന്ത്രാലയം ആവർത്തിച്ചു. സമൂഹമാധ്യമങ്ങൾ, ഡിജിറ്റൽ ഇടനിലക്കാർ എന്നിവയോടുള്ള ഇന്ത്യയുടെ നിയന്ത്രണ സമീപനം വ്യക്തമായ നിയമപരിധികളിൽ അധിഷ്ഠിതമാണെന്നും കോടതികൾ അത് പലതവണ ശരിവെച്ചിട്ടുണ്ടെന്നും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം സെക്രട്ടറി എസ് കൃഷ്ണൻ ഡിഎൻപിഎ കോൺക്ലേവ് 2026-ൽ പറഞ്ഞു.

ഭരണഘടനയിലെ ആർട്ടിക്കിൾ 19 പ്രകാരമുള്ള അഭിപ്രായസ്വാതന്ത്ര്യം ആർട്ടിക്കിൾ 19(2) പ്രകാരമുള്ള നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ആ അടിസ്ഥാനങ്ങൾ വളരെ വ്യക്തമാണ്,” എന്നും ഇത്തരം നിയന്ത്രണങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോൾ സർക്കാരിന്റെ നിലപാട് കോടതികൾ സ്ഥിരമായി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ.ടി. നിയമത്തിലെ സെക്ഷൻ 69A ആണ് പ്രധാന നിയന്ത്രണ ഉപാധി. സാമൂഹികക്രമം, ദേശീയ സുരക്ഷ, പ്രതിരോധം, ഭരണകൂടത്തിന്റെ സുരക്ഷ എന്നിവ സംബന്ധിക്കുന്ന നിയന്ത്രണങ്ങൾ തുടങ്ങിയ ആർട്ടിക്കിൾ 19(2) അനുവദിക്കുന്ന ചില നിയന്ത്രണങ്ങൾ ഉൾക്കൊള്ളുന്ന ഉപവിഭാഗത്തെയും ഇത് അഭിസംബോധന ചെയ്യുന്നു. അപകീർത്തികരമായതും അശ്ലീലവുമായ ഉള്ളടക്കങ്ങൾ മറ്റ് നിയമവ്യവസ്ഥകളിലൂടെ കൈകാര്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും അവയും സമഗ്ര നിയന്ത്രണ സംവിധാനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നമ്മൾ നിയമത്തിന്റെയും ഭരണഘടനയുടെയും പരിധിക്കുള്ളിൽനിന്നാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സെക്ഷൻ 69A, 79 എന്നീ രണ്ടു ഘടകങ്ങളിലൂടെയാണ് നിയമപ്രക്രിയ പ്രവർത്തിക്കുന്നതെന്നും ഓരോ വ്യവസ്ഥയും എപ്പോൾ എങ്ങനെ പ്രയോഗിക്കണമെന്ന കാര്യത്തിൽ സർക്കാർ വ്യക്തത പുലർത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണഘടനാപരമായി അനുവദിക്കപ്പെട്ട നിയന്ത്രണങ്ങൾ ലംഘിക്കുന്ന ഉള്ളടക്കം പ്രചരിപ്പിക്കാൻ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിനും‌ം അവകാശമില്ല. “ഇന്ത്യയിൽ പ്രവർത്തിക്കണമെങ്കിൽ ഇന്ത്യൻ നിയമം പാലിക്കണം,” എന്നും മന്ത്രാലയത്തിന്റെ നിലപാട് ഭരണഘടനയ്ക്ക് പുറത്തല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉള്ളടക്കം നീക്കം ചെയ്യൽ നടപടികൾക്കും പ്ലാറ്റ്‌ഫോം നിയന്ത്രണങ്ങൾക്കും എതിരെ ഉയരുന്ന നിയമനടപടികൾക്കിടയിൽ പോലും സർക്കാരിന്റെ നിലപാട് കോടതികൾ ശരിവെച്ചിട്ടുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു.

ഡിജിറ്റൽ ന്യൂസ് പ്രസാധകരിൽ നിന്ന് പ്രതീക്ഷിക്കുന്നത്

അൽഗോരിതം അനുസരിച്ചുള്ള വിപുലീകരണ കാലഘട്ടത്തിൽ ഡിജിറ്റൽ ന്യൂസ് പ്രസാധകരോട് സർക്കാരിന്റെ പ്രതീക്ഷ എന്തെന്ന ചോദ്യത്തിന് കൃഷ്ണന്റെ മറുപടി ഇങ്ങനെ. “ഒരു സിവിൽ സർവന്റായും സർക്കാരിന്റെ പ്രതിനിധിയായും ഞാൻ പറയുന്നത് നിയമം പാലിക്കുക എന്നതാണ്. നിയമത്തിന്റെ നാല് മതിലുകൾക്കുള്ളിൽ പ്രവർത്തിക്കുക’’

വിശ്വാസ്യതയും പൊതു സ്വീകാര്യതയുമാണ് മാധ്യമങ്ങളുടെ നിലനിൽപ്പിനെ നിർണയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ വിശ്വാസം നിലനിർത്തിയാൽ അവരുടെ പ്രസക്തി തുടരുമെന്നും അല്ലെങ്കിൽ പ്രേക്ഷകർ മറ്റ് ഉള്ളടക്കങ്ങളിലേക്ക് മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രേക്ഷക വിശ്വാസത്തിലെ കുറവുകൾക്ക് ഉത്തരങ്ങൾ സർക്കാരിനോട് അന്വേഷിക്കുന്നതിന് പകരം മാധ്യമസ്ഥാപനങ്ങൾ ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. “നിങ്ങൾ വിശ്വാസ്യതയുള്ളവരോ അല്ലയോ എന്ന് ജനങ്ങൾ തീരുമാനിക്കേണ്ടതാണ്. അത് ഞങ്ങൾ വിധിക്കുന്നത് അല്ല,” എന്നും അദ്ദേഹം പറഞ്ഞു. പ്രഫഷണൽ മാധ്യമപ്രവർത്തനത്തിന് സ്ഥിരതയുള്ള സാമ്പത്തിക മാതൃകകൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2026-ലെ സർക്കാർ-വ്യവസായ സഹകരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, കേന്ദ്രം സാങ്കേതികവിദ്യയുടെ കാര്യത്തിലാണ് പ്രധാനമായും ഇടപെടുന്നതെന്നും അതിനുമുകളിലെ ഉള്ളടക്കത്തെക്കുറിച്ച് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ ഉപകരണങ്ങൾ സമൂഹത്തെ വേഗത്തിൽ മാറ്റുന്ന സാഹചര്യത്തിൽ സാങ്കേതികവിദ്യ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനും പൗരരെ അതിന്റെ സാധ്യതകളെക്കുറിച്ച് ബോധവൽക്കരിക്കാനും വലിയ അവസരങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഇത് സമൂഹമൊട്ടാകെയുള്ള പ്രശ്നമാണ്,” എന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യ വിദ്യാർത്ഥികളിൽ നിന്ന് മുതിർന്ന പൗരന്മാരിലേക്കും എല്ലാവരെയും ബാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാങ്കേതികവിദ്യയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനുപകരം “ശരിയായ ഉള്ളടക്കം” സൃഷ്ടിക്കുകയാണ് പ്രധാനമെന്ന് അദ്ദേഹം നിർദേശിച്ചു. “നിങ്ങൾ ശരിയായ ഉള്ളടക്കം സൃഷ്ടിച്ചാൽ, സാങ്കേതികവിദ്യ അതിനെ വിപുലീകരിക്കാൻ സഹായിക്കും,” എന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ മാധ്യമങ്ങളുടെ സാമ്പത്തിക ഘടനയിൽ വലിയ മാറ്റമുണ്ടായതായി കൃഷ്ണൻ സമ്മതിച്ചു. പരസ്യവരുമാനം ഇടനിലക്കാരായ പ്ലാറ്റ്‌ഫോമുകളിലേക്ക് ഒഴുകുന്ന സാഹചര്യത്തിൽ പ്രസാധകരും പ്ലാറ്റ്‌ഫോമുകളും തമ്മിലുള്ള ന്യായമായ പ്രതിഫലത്തെക്കുറിച്ചുള്ള ചർച്ചകൾ നിർബന്ധിത നിർദേശങ്ങളിലൂടെ അല്ല, ഘടനാപരമായ ചർച്ചകളിലൂടെ മുന്നോട്ടുപോകണം. ഗുണമേന്മയുള്ള മാധ്യമപ്രവർത്തനം തകരാതിരിക്കാനായി ചട്ടക്കൂടുകൾ ആവശ്യമാകാമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കൃത്രിമ ബുദ്ധിയും പകർപ്പവകാശവും സംബന്ധിച്ച് സംസാരിക്കുമ്പോൾ, വാർത്താ ഉള്ളടക്കം മറ്റ് സൃഷ്ടിപരമായ കൃതികളുമായി സാമ്യമുണ്ടെങ്കിലും അത് സമൂഹത്തിൽ തത്സമയപ്രാധാന്യമുള്ള സേവനം നിർവഹിക്കുന്നതിനാൽ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. നോവലുകളോ സിനിമകളോ പോലുള്ള ദീർഘരൂപ കൃതികളിൽ നിന്ന് വ്യത്യസ്തമായി വാർത്തകൾ താൽക്കാലികമായി തോന്നാമെങ്കിലും കാലക്രമേണ അവയ്ക്ക് ആർക്കൈവൽ മൂല്യവും ജനാധിപത്യപ്രാധാന്യവും ഉണ്ടാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എ.ഐ. കാലഘട്ടത്തിൽ പരമ്പരാഗത വാർത്താമാധ്യമങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പരാമർശിക്കുമ്പോൾ, മുമ്പത്തെപ്പോലെ ഒരു ദിവസത്തിൽ ഒരു ഡെഡ് ലൈൻ മാത്രമുള്ള സാഹചര്യത്തിലേക്ക് മടങ്ങാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘കൃത്യസമയത്ത് ജോലി തീർത്ത് പ്രിന്റിങ്ങിന് വിടുക എന്നത് ഇനിയില്ല,” എന്നും അദ്ദേഹം പറഞ്ഞു.

വിശ്വസനീയ പ്രസാധകർ, വരുമാനവിഹിതം, എ.ഐ. ഉപയോഗം, പകർപ്പവകാശം എന്നിവ പല മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണെന്നും ഉത്തരവാദിത്വങ്ങൾ വ്യത്യസ്തമായിരിക്കാമെങ്കിലും വിഷയത്തിന്റെ അടിയന്തര പ്രധാന്യത്താൽ ഇക്കാര്യം ഏകോപിത ശ്രദ്ധ ആവശ്യപ്പെടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!