KSDLIVENEWS

Real news for everyone

യുദ്ധത്തിനൊപ്പം നിൽക്കില്ല; ആവർത്തിച്ച് സ്പാനിഷ് പ്രധാനമന്ത്രി; പരസ്യമായി എതിർത്ത ഏക യൂറോപ്യൻ നേതാവ്

SHARE THIS ON

മഡ്രിഡ്: ഇറാനിൽ യു.എസും ഇസ്രയേലും തുടങ്ങിവെച്ച യുദ്ധത്തെ വീണ്ടും രൂക്ഷമായി വിമർശിച്ച് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. സംഘർഷം വലിയ ആഗോള ദുരന്തമായി കലാശിക്കുമെന്ന് അദ്ദേഹം ബുധനാഴ്ച മുന്നറിയിപ്പുനൽകി. ഇറാൻ യുദ്ധത്തിലെ സാഞ്ചസിന്റെ നിലപാടുമായി ബന്ധപ്പെട്ട് സ്പെയിനുമായുള്ള എല്ലാ വ്യാപാരബന്ധവും അറത്തുമുറിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് പ്രസ്താവന.

ഇറാനെതിരേയുള്ള ആക്രമണത്തിനായി തെക്കൻ സ്പെയിനിലെ നാവിക-വ്യോമത്താവളങ്ങൾ ഉപയോഗപ്പെടുത്താൻ യു.എസിനെ അനുവദിക്കില്ലെന്ന് സാഞ്ചസ് പറഞ്ഞിരുന്നു. അതേത്തുടർന്ന് സ്പെയിനിലെ റോത്ത, മൊറോൺ എന്നീ താവളങ്ങളിൽനിന്ന് ഇന്ധനംനിറയ്ക്കുന്നവയുൾൾപ്പെടെ 15 യു.എസ്. യുദ്ധവിമാനങ്ങൾക്ക് തിരികെ പറക്കേണ്ടിവരുകയും ചെയ്തു.

“ലോകത്തിന് അത്യന്തം മോശമായി ഭവിക്കുന്ന, ഞങ്ങളുടെ മൂല്യങ്ങൾക്കും ദേശീയതാത്പര്യങ്ങൾക്കും നിരക്കാത്ത കാര്യങ്ങളിൽ സ്പെയിൻ പങ്കാളിയാവുകയില്ല. ജനജീവിതം മെച്ചപ്പെടുത്താനായാണ് സർക്കാരുകൾ നിലകൊള്ളേണ്ടത്. ഈ നേതാക്കൾ അവരുടെ ആഭ്യന്തരപരാജയങ്ങൾ മറച്ചുവെക്കാനുള്ള മറയായി യുദ്ധത്തെ ഉപയോഗിക്കുന്നു. ഇങ്ങനെയാണ് വലിയ മാനുഷികദുരന്തം തുടങ്ങുക. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതംവെച്ച് കളിക്കാൻ നിങ്ങൾക്ക് അവകാശമില്ല.” -രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ സാഞ്ചസ് പറഞ്ഞു.

ഇറാൻ വിഷയത്തിൽ ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ഒറ്റയ്ക്കെതിർക്കുന്ന ഏക യൂറോപ്യൻ നേതാവാണ് സോഷ്യലിസ്റ്റായ സാഞ്ചസ്. നാറ്റോ അംഗമായിരിക്കേയാണ് സ്പെയിൻ ഈ എതിർപ്പുയർന്നത് എന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.

എല്ലാ നാറ്റോസഖ്യകഷികളും ജി.ഡി.പി.യുടെ അഞ്ച് ശതമാനം പ്രതിരോധആവശ്യങ്ങൾക്ക് ചെലിവിടണമെന്ന യു.എസ്. ആവശ്യം സ്പെയിൻ അംഗീകരിക്കാത്തതിനെയും ട്രംപ് അപലപിച്ചു. ഇറാനിലെയും പലസ്തീനിലെയും ക്രൂരന്മാരായ ഭരണാധികാരികൾക്കൊപ്പമാണ് സാഞ്ചസെന്ന് ഇസ്രയേൽ ആരോപിച്ചു.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനും ഫ്രാൻസും ഗ്രീസുമെല്ലാം സൈപ്രസിലേക്ക് സൈന്യത്തെ അയച്ചെങ്കിലും നാറ്റോ സഖ്യകക്ഷിയായ സ്പെയിൻ അതിൽനിന്ന് വിട്ടുനിൽക്കുകയാണ്. സൈപ്രസിലെ ബ്രിട്ടീഷ് സേനാതാവളം ഇറാൻ ആക്രമിച്ചതോടെയാണ് യൂറോപ്യൻ കക്ഷികളുടെ ഈ സൈനിക വിന്യാസം.

ലോകത്തെ ഏറ്റവും വലിയ ഒലിവെണ്ണ കയറ്റുമതിക്കാരാണ് സ്പെയിൻ. വാഹനഭാഗങ്ങൾ, ഇരുമ്പുരുക്ക്, രാസവസ്തുക്കൾ എന്നിവയും അവർ യു.എസിലേക്ക് കയറ്റി അയക്കുന്നുണ്ട്. വലിയതോതിൽ അസംസ്കൃത എണ്ണയും എൽ.എൻ.ജി.യും യു.എസ്. തിരിച്ചും കയറ്റി അയക്കുന്നു. സ്പെയിനുമായി 2025-ൽ യു.എസിനുള്ള വ്യാപാരമിച്ചം 480 കോടി ഡോളറായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!