KSDLIVENEWS

Real news for everyone

ദുബായിൽ ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കിന് തീപിടിച്ചു, വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തി

SHARE THIS ON

അബുദാബി: ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം. വിമാനത്താവള പരിസരത്തെ ഒരു ഇന്ധന ടാങ്കിന് തീപിടിച്ചു. ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തി. തീയണയ്ക്കാനുള്ള ഊർജിത ശ്രമങ്ങളിലാണ് ദുബായ് സിവിൽ ഡിഫൻസ്. സംഭവത്തിൽ ഇതുവരെ ആളപായമോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതർ പറഞ്ഞു.

പശ്ചിമേഷ്യൻ സംഘർഷത്തിനിടെ മറ്റൊരു കപ്പൽകൂടി മേഖലയിൽനിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച ഇറാൻ ആക്രമിച്ച യുഎഇയിലെ ഫുജൈറ എണ്ണസംഭരണ ശാലയിൽനിന്ന് ഇന്ത്യൻ കപ്പൽ ‘ജഗ് ലാഡ്‌കി’ ആണ് എണ്ണ നിറച്ചശേഷം പുറപ്പെട്ടത്. 80,800 ടൺ മർബൻ ക്രൂഡ് ഓയിലാണ് കപ്പലിലുള്ളത്. എണ്ണനിറയ്ക്കുമ്പോഴായിരുന്നു ഫുജൈറയിൽ ഇറാന്റെ ഡ്രോണാക്രമണം. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണ്. മേഖലയിൽനിന്ന് 2 കപ്പലുകൾ നേരത്തെ ഇന്ത്യയിൽ എത്തിയിരുന്നു.

ഇറാനിൽ നിന്ന് വിക്ഷേപിച്ച ‍ഡ്രോണുകൾ രാജ്യത്തെ ലക്ഷ്യമാക്കിയതായും അവയെല്ലാം സായുധ സേന നശിപ്പിച്ചതായും ഖത്തർ പ്രതിരോധ മന്ത്രാലയം എക്സിൽ കുറിച്ചു. ഇറാന്റെ ആക്രമണം രണ്ടാഴ്ച പിന്നിടുമ്പോൾ ഗൾഫ് രാജ്യങ്ങൾ കരുതൽ നടപടികൾ ഊർജിതമാക്കി. വിവിധ ഇടങ്ങളില്‍ ആക്രമണം ഉണ്ടായെങ്കിലും യുഎഇ ശക്തമായി പ്രതിരോധിച്ചു. സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ എണ്ണ ഉൽപാദന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളും പ്രതിരോധ സേന തകർത്തു. ഒമാനിലെയും സൗദിയിലെയും യുഎസ് പൗരരോടു രാജ്യം വിടാൻ അമേരിക്ക ആവശ്യപ്പെട്ടു. ഇന്നലെ 4 ബാലിസ്റ്റിക് മിസൈലുകളും 6 ഡ്രോണുകളുമാണ് യുഎഇ നേരിട്ടത്. ഇതുവരെ പരുക്കേറ്റവരുടെ എണ്ണം 142 ആയി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!