യു.എ.ഇയിൽ ഇത്തവണത്തെ ഈദ് ഗാഹുകൾ ഇല്ല: പെരുന്നാൾ നിസ്കാരം പള്ളികളിൽ മാത്രം

ദുബൈ: സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഈ വർഷത്തെ ഈദുൽ ഫിത്വർ നിസ്കാരം പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്തിയതായി യുഎഇ ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്‌മെന്റ് ആൻഡ് സകാത്ത് അറിയിച്ചു. തുറസ്സായ സ്ഥലങ്ങളിലെയും ഈദ് ഗാഹ് മൈതാനങ്ങളിലെയും കൂട്ടായ്മകൾക്ക് നിയന്ത്രണമുണ്ടാകുമെന്നും പള്ളികൾക്കുള്ളിൽ മാത്രമായിരിക്കും നിസ്കാരം നടക്കുകയെന്നും അതോറിറ്റി വ്യക്തമാക്കി. വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.
ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ വർക്ക് ഡിപ്പാർട്ട്‌മെന്റ്, ഷാർജ ഇസ്ലാമിക് അഫയേഴ്സ് ഡിപ്പാർട്ട്‌മെന്റ് എന്നിവയുമായി ഏകോപിപ്പിച്ചാണ് ഈ തീരുമാനമെടുത്തത്. നിർദ്ദേശങ്ങൾ പാലിക്കാനും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നേരത്തെ തന്നെ പള്ളികളിൽ എത്താനും അധികൃതർ വിശ്വാസികളോട് ആവശ്യപ്പെട്ടു.
റമദാൻ 29 ആയ മാർച്ച് 18 ബുധനാഴ്ച വൈകുന്നേരം യുഎഇ ചന്ദ്രദർശന സമിതി യോഗം ചേരും. ബുധനാഴ്ച മാസം കണ്ടാൽ വ്യാഴാഴ്ച ഈദുൽ ഫിത്വർ ആഘോഷിക്കും. അല്ലാത്തപക്ഷം റമസാൻ 30 പൂർത്തിയാക്കി വെള്ളിയാഴ്ചയായിരിക്കും പെരുന്നാൾ.

